ചെന്നൈക്കെതിരായ പരാജയത്തില്‍ മുംബൈ ഇന്ത്യന്‍സിന് നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ടീം രൂപീകരണത്തിനായി മുംബൈക്ക് ഇനിയും ചില ബുദ്ധിമുട്ടുള്ള ഘട്ടങ്ങള്‍ നേരിടേണ്ടിവരുമെന്നും ടൂര്‍ണമെന്റില്‍ മാന്യമായ ഒരു സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ മുംബൈ ലക്ഷ്യമിടണമെന്നും അദ്ദേഹം പറഞ്ഞു.
‘ടീം രൂപീകരണത്തിനായി മുംബൈക്ക് ഇനിയും ചില ബുദ്ധിമുട്ടുള്ള ഘട്ടങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ ഇപ്പോള്‍, പോയിന്റ് പട്ടികയില്‍ മാന്യമായ ഒരു സ്ഥാനത്ത് ഫിനിഷ് ചെയ്യാനെങ്കിലും ലക്ഷ്യമിടണം. ടൂര്‍ണമെന്റ് നടക്കുമ്പോള്‍ ഇതൊന്നും ചിന്തിക്കേണ്ടതില്ല.
കാര്യങ്ങള്‍ ശരിയായി നടന്നാല്‍, അവര്‍ ഒത്തുചേര്‍ന്ന് ചിന്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവര്‍ നിശബ്ദമായി ഇരിക്കാത്ത ഒരു ഫ്രാഞ്ചൈസിയാണ്. അവര്‍ ചില മാറ്റങ്ങള്‍ വരുത്തും, അവരും അത് ചെയ്യണം. ഇതൊരു വലിയ ഫ്രാഞ്ചൈസിയാണ്, പ്രകടനം വരുന്നില്ലെങ്കില്‍ അവര്‍ കാര്യങ്ങള്‍ ശരിയാക്കാന്‍ ശ്രമിക്കും,’ വസീം ജാഫര്‍ പറഞ്ഞു.
മുംബൈ ഇന്ത്യൻസ്. Photo: Crickettimes
അതേസമയം ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കാണ് ചെന്നൈ മുംബൈയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടിക്ക് ഇറങ്ങിയ ചെന്നൈ 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ക്യാപ്റ്റന് ഋതുരാജ് ഗെയ്ക്വാദിന്റെയും കാര്‍ത്തിക് ശര്‍മയുടെയും അര്‍ധ സെഞ്ച്വറി മികവിലാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്. 48 പന്തില്‍ പുറത്താവാതെ 67 റണ്‍സ് നേടിയാണ് ചെന്നൈ ക്യാപ്റ്റന്‍ തിളങ്ങിയത്. അഞ്ച് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതായിരുന്നു ചെന്നൈ ക്യാപ്റ്റന്റെ ഇന്നിങ്‌സ്.
40 പന്തില്‍ നാല് ഫോറുകളും മൂന്ന് സിക്‌സുകളും അടക്കം പുറത്താവാതെ 54 റണ്‍സ് നേടിയാണ് കാര്‍ത്തിക് ശര്‍മ ചെന്നൈക്ക് വിജയം സമ്മാനിച്ചത്. ഉര്‍വില്‍ പട്ടേല്‍ 12 പന്തില്‍ 24 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായകമായി.
വിജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയരാനും ചെന്നൈക്ക് സാധിച്ചു. എട്ട് പോയിന്റാണ് ചെന്നൈയുടെ പക്കലുള്ളത്. അതേസമയം തോല്‍വിയോടെ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തു.