ന്യൂഡൽഹി: ഈ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ‘കുറ്റവാളിമുക്ത പാർലമെന്റ്’ സമ്മാനമായി ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തിൽ മാറ്റം കൊണ്ടുവരുന്നതിനായി ‘സമാധാനപരമായ വിപ്ലവത്തിന്’ ആഹ്വാനം ചെയ്ത അദ്ദേഹം, നേതാക്കളെ തെരഞ്ഞെടുക്കുന്ന രീതിയിൽ മാറ്റം അനിവാര്യമാണെന്നും വ്യക്തമാക്കി.
വെള്ളിയാഴ്ച എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് വാങ്ചുക് പ്രധാനമന്ത്രിയോട് ആവശ്യമുന്നയിച്ചത്. 2014ൽ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് നരേന്ദ്ര മോദി നൽകിയ വാഗ്ദാനം ഓർമിപ്പിച്ചുകൊണ്ടായിരുന്നു വാങ്ചുകിന്റെ പ്രതികരണം. ജനാധിപത്യത്തെ ശുദ്ധീകരിക്കുന്നതിനുള്ള ഈ നടപടിയോട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മറ്റ് രാഷ്ട്രീയ പാർട്ടികളും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
2014ൽ അധികാരത്തിലെത്തുന്നതിന് മുമ്പ് ഇന്ത്യൻ രാഷ്ട്രീയത്തിലും പാർലമെന്റിലും ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ സാന്നിധ്യം തടയുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന എം.പിമാർക്കെതിരായ നിലവിലുള്ള ക്രിമിനൽ കേസുകൾ പരിശോധിക്കുന്നതിനായി ഒരു സമിതി രൂപീകരിക്കുന്നത് തന്റെ ആദ്യ പരിഗണനകളിലൊന്നായിരിക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
നിലവിൽ രാജ്യത്തെ എം.പിമാരിൽ പകുതിയോളം പേർ ക്രിമിനൽ കേസുകൾ നേരിടുന്നവരാണെന്ന് വാങ്ചുക് ചൂണ്ടിക്കാട്ടി. ഇതിൽ മൂന്നിലൊന്ന് പേർ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള കേസുകൾ നേരിടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
2047ഓടെ മാന്യമായ രാഷ്ട്രമായി തുടരണമെങ്കിൽ, കുറഞ്ഞത് നേതാക്കളെ തെരഞ്ഞെടുക്കുന്ന രീതിയിലെങ്കിലും രാജ്യത്തിന് സമാധാനപരമായ വിപ്ലവം ആവശ്യമാണെന്നും വാങ്ചുക് മറ്റൊരു എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി.
രാജ്യത്ത് ആവശ്യമായ മാറ്റങ്ങളെക്കുറിച്ചും അവ നടപ്പാക്കേണ്ട രീതിയെക്കുറിച്ചും ‘രാജ്യത്തെ ഏറ്റവും മികച്ച മനസ്സുകളിൽ’ നിന്ന് അഭിപ്രായങ്ങൾ തേടാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബുദ്ധിജീവികൾക്കൊപ്പം സ്വാർത്ഥതയില്ലാത്തവരും നിർഭയരും വ്യക്തിത്വവും കഴിവുമുള്ളവരുമായ പുരുഷന്മാരെയും സ്ത്രീകളെയും ഉൾപ്പെടുത്തി ആശയവിനിമയം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും വാങ്ചുക് വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അത്തരത്തിലുള്ള വ്യക്തികളുടെ പേരുകൾ നിർദേശിക്കാനും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ലഡാക്കിലെ വിദൂര പ്രദേശത്തായതിനാൽ അത്തരത്തിലുള്ള ആളുകളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.