നീണ്ട 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് വാങ്ചുക്: തീരുമാനം ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന സര്‍ക്കാര്‍ ഉറപ്പിന് പിന്നാലെ
India
നീണ്ട 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് വാങ്ചുക്: തീരുമാനം ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന സര്‍ക്കാര്‍ ഉറപ്പിന് പിന്നാലെ
നിഷാന. വി.വി
Friday, 24th July 2026, 7:13 am

ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്തുണയറിയിച്ച് തുടങ്ങിയ നിരാഹാര സമരം അവസാനിപ്പിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ് ചുക്. ഇരുപത്തിയാറാം ദിവസമാണ് അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചിരിക്കുന്നത്.

ഇന്നലെ (വ്യാഴം) അര്‍ധ രാത്രിയോടെ കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിങ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അറിയിച്ചതോടെയാണ് അദ്ദേഹം നിരാഹര സമരം അവസാനിപ്പിച്ചത്.

‘കേന്ദ്ര മന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിങ് ലേ ലഡാക്ക് അപെക്‌സ് ബോഡിയിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍, 26 ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ ഒടുവില്‍ എന്റെ ഉപവാസം അവസാനിപ്പിച്ചു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 65 പാര്‍ലമെന്റ് അംഗങ്ങള്‍ നേരത്തെ എന്നെ സന്ദര്‍ശിക്കുകയോ ഉപവാസം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച് കത്തുകളില്‍ ഒപ്പിടുകയോ ചെയ്തിരുന്നു. വിവിധ നിബന്ധനകളെക്കുറിച്ചുള്ള നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷവും രാജ്യത്ത് ഉണ്ടായേക്കാവുന്ന അക്രമസാധ്യതകള്‍ മുന്‍നിര്‍ത്തിയുമാണ് ഈ തീരുമാനമെടുത്തത്.

ഈ നിബന്ധനകളെക്കുറിച്ച് വളരെ പെട്ടെന്ന് തന്നെ മറ്റൊരു വീഡിയോയിലൂടെ ഞാന്‍ വിശദമായി വ്യക്തമാക്കും. അതുവരെ, ഒരിടത്തും ഒരു തരത്തിലുള്ള അക്രമവും അനുവദിക്കാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’- സോനം വാങ്ചുക്ക് എക്‌സിലൂടെ അറിയിച്ചു.

കഴിഞ്ഞ 26 ദിവസമായി സോനം വാങ്ചുക് നിരാഹാര സമരത്തിലായിരുന്നു. ഇതേ തുടര്‍ന്ന് തന്റെ 11 കിലോയോളം കുറഞ്ഞുവെന്നും എങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ജന്ദര്‍ മന്ദറിലെ സമര വേദിയില്‍ നിന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയതും വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സഫര്‍ജങ് ആശുപത്രിയില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് വാങ്ചുക്കിന്റെ പങ്കാളി പറഞ്ഞിരുന്നു. ഹോസ്പിറ്റല്‍ മാറ്റാന്‍ അവര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തു. ആദ്യം എതിര്‍ത്ത കോടതി പിന്നീട് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിവലേക്ക് മാറ്റാന്‍ മാറ്റുകയായിരുന്നു.

അതേസമയം സോനം വാങ്ചുക്ക് ആരോഗ്യവാനായിരിക്കാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് മോദിയുടെ പോസ്റ്റ്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം സോനം ജി തന്റെ ദിനചര്യകള്‍ കൃത്യമായി പാലിക്കണമെന്നും എത്രയും വേഗം പഴയ ഭാരം തിരിച്ചുപിടിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നതായും മോദി പോസ്റ്റില്‍ പറഞ്ഞു.

Content Highlight: Wangchuk ends 26-day hunger strike following government assurance to accept demands.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.