കോഴിക്കോട്: ത്രിപുരയില്‍ നടക്കുന്ന അക്രമ സംഭവങ്ങളുടെ പേരില്‍ കേരളത്തില്‍ വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന് സര്‍ക്കാരും പൊലീസും പരിശോധിക്കണമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ത്രിപുരയില്‍ മുസ്‌ലിം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നതായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയാണ് ബല്‍റാം ഫേസ്ബുക്കിലൂടെ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെക്കുന്നത്.

ഇവിടെ ഗോപാലസേന അവിടെ ഗോള്‍വാക്കര്‍സേന എന്ന ഹാഷ്ടാഗിലാണ് ബല്‍റാം തന്റെ നിലപാട് പോസ്റ്റു ചെയ്തിരിക്കുന്നത്. ഇവിടത്തെ സമുദായിക സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാനുള്ള പ്രവണതകളെ മുളയിലേ നുള്ളണമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു.

“അവിടെ മുസ്‌ലിം, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി സി.പി.ഐ.എം ന്യൂസ് പോര്‍ട്ടലുകളിലെ വാര്‍ത്തകളും പോരാളി ഷാജി, അശോകന്‍ ചരുവില്‍ തുടങ്ങിയ സൈബര്‍ സഖാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകളുമല്ലാതെ ആധികാരികമായ വാര്‍ത്തകള്‍ വല്ലതും വരുന്നുണ്ടോ? ഗൂഗിളില്‍ നോക്കിയിട്ട് അത്തരം വാര്‍ത്തകളൊന്നും കാണുന്നില്ല. ത്രിപുരയിലെ സി.പി.ഐ.എം നേതാക്കളടക്കമുള്ളവരുടെ ട്വിറ്റര്‍/ടിവി പ്രതികരണങ്ങളിലും ഇക്കാര്യം സൂചിപ്പിച്ച് കാണുന്നില്ല.” അദ്ദേഹം പറയുന്നു.


Must Read: ബി.ജെ.പി ഹിന്ദുക്കളുടെ താല്‍പര്യമേ സംരക്ഷിക്കൂ; അതാണ് തങ്ങളുടെ കര്‍ത്തവ്യമെന്ന് കേന്ദ്രമന്ത്രി


ത്രിപുരയില്‍ സി.പി.ഐ.എം ഓഫീസുകള്‍ക്കെതിരെയും കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികളുടെ പ്രതിമകള്‍ക്കെതിരെയും ആര്‍.എസ്.എസിന്റെയും ജനക്കൂട്ടത്തിന്റേയും ആക്രമണങ്ങള്‍ നടക്കുന്നതായി ദേശീയ മാധ്യമങ്ങളുടെയടക്കം വാര്‍ത്തകളില്‍ കാണുന്നു. മോബ് വയലന്‍സിന്റെ ഏത് വകഭേദവും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്. ക്രമസമാധാന പാലനം ഉറപ്പുവരുത്താന്‍ ഗവര്‍ണ്ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന മുഖവുരയോടെയാണ് ബല്‍റാം വര്‍ഗീയ വികാരം ആളിക്കത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നത്.

ത്രിപുരയിലെ ലെനിന്റെ പ്രതിമ ബി.ജെ.പി പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം തകര്‍ത്തിരുന്നു. കൂടാതെ അവിടുത്തെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുകയും അവരുടെ വീടുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വി.ടി ബല്‍റാമിന്റെ പ്രതികരണം വന്നിരിക്കുന്നത്.