belram1കോഴിക്കോട്: പര്‍ദ്ദ സമ്പ്രദായത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞ എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെതിരെ നോട്ടീസ് അയച്ച സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നടപടിയെ വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ. പതിവുപോലെ ഫേസ്ബുക്കിലാണ് വി.ടി ബല്‍റാം തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

ലൈംഗിക പീഡനത്തിന് ഇരയായ കൊച്ചുകുഞ്ഞിനെപ്പോലും അവഹേളിക്കുന്നവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത ന്യൂനപക്ഷ കമ്മീഷനാണ് അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ ഫസല്‍ ഗഫൂറിനെതിരെ നടപടിക്കൊരുങ്ങുന്നത് എന്നത് ആശ്ചര്യകരമാണെന്നാണ് ബല്‍റാമിന്റെ പോസ്റ്റ്.

ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

“സമുദായ സംഘടനാ നേതൃത്വങ്ങള്‍ക്കിടയിലെ ലിബറല്‍ ശബ്ദങ്ങളെ തന്നെയാണ് പൊതുസമൂഹവും അധികാരസ്ഥാപനങ്ങളും പ്രോത്സാഹിപ്പിക്കേണ്ടത്. എന്നാല്‍, ലൈംഗിക പീഡനത്തിനിരയായ കൊച്ചുകുഞ്ഞിനേപ്പോലും അവഹേളിക്കുന്നവര്‍ക്കെതിരെ സാങ്കേതികത്വം പറഞ്ഞ് ഒരു നടപടിയും സ്വീകരിക്കാത്ത ന്യൂനപക്ഷ കമ്മീഷന്‍ സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരില്‍ എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ നടപടിക്കൊരുങ്ങുന്നു എന്നത് ആശ്ചര്യകരമാണ്.”

മൂഖംമൂടിയ പര്‍ദ്ദകള്‍ ഇസ്‌ലാമികമല്ലെന്ന ഫസല്‍ ഗഫൂറിന്റെ പ്രസ്താവനയാണ് വിവാദമായത്. പ്രസ്താവന മുസ്‌ലിം വിശ്വാസികള്‍ക്കിടയില്‍ കടുത്ത അതൃപ്തി ഉളവാക്കിയെന്നാരോപിച്ച് ന്യൂനപക്ഷ കമ്മീഷന്‍ ഫസല്‍ ഗഫൂറിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എം. വീരാന്‍കുട്ടിയാണ് നോട്ടീസ് അയച്ചത്.