അത്രയും മീഡിയാസ് ഒന്നിച്ച് ചോദ്യം ചോദിച്ചപ്പോള്‍ പാനിക്കായി, തിരിഞ്ഞ് നോക്കിയപ്പോള്‍ അപ്പുച്ചേട്ടന്‍ ധൈര്യം തന്നു: വിസ്മയ മോഹന്‍ലാല്‍
Malayalam Cinema
അത്രയും മീഡിയാസ് ഒന്നിച്ച് ചോദ്യം ചോദിച്ചപ്പോള്‍ പാനിക്കായി, തിരിഞ്ഞ് നോക്കിയപ്പോള്‍ അപ്പുച്ചേട്ടന്‍ ധൈര്യം തന്നു: വിസ്മയ മോഹന്‍ലാല്‍
അമര്‍നാഥ് എം.
Wednesday, 12th August 2026, 9:55 am

തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് തുടക്കം. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി നായികയാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്ന ജൂഡ് ആന്തണി ജോസഫാണ്. സ്ത്രീ കേന്ദ്രീകൃത സിനിമയായെത്തിയ തുടക്കം ഇതിനോടകം 30 കോടിക്കടുത്ത് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിക്കഴിഞ്ഞു.

ചിത്രത്തിന്റെ റിലീസ് ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ വീഡിയോയില്‍ ഒന്നായിരുന്നു പ്രണവും വിസ്മയയുമൊത്തുള്ള ഒന്ന്. എറണാകുളത്തെ തിയേറ്ററില്‍ നിന്ന് ഫസ്റ്റ് ഷോ കണ്ടിറങ്ങിയതിന് ശേഷം പ്രണവും വിസ്മയയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആദ്യമായാണ് ഇരുവരും ഒന്നിച്ച് പൊതുമധ്യത്തിലെത്തിയത്.

വിസ്മയ Photo: Screen grab/ Manorama Online

നിരവധി മാധ്യമങ്ങള്‍ ചുറ്റും കൂടിയതോടെ വിസ്മയ പരിഭ്രമിക്കുകയും പിന്നില്‍ നിന്നിരുന്ന പ്രണവിനെ നോക്കുകയും സഹോദരിയെ അയാള്‍ നോട്ടത്തിലൂടെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന വീഡിയോ ഇതിനോടകം വൈറലായി. ഇപ്പോഴിതാ ആ വീഡിയോയെക്കുറിച്ച് സംസാരിക്കുകയാണ് വിസ്മയ. മനോരമ ഓണ്‍ലൈനിനോട് സംസാരിക്കവെയാണ് വിസ്മയ ഇതിനെക്കുറിച്ച് സംസാരിച്ചത്.

‘എല്ലാവരും ഒരുമിച്ച് എന്നോട് സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ പാനിക്കായി. അപ്പോഴാണ് ഞാന്‍ തിരിഞ്ഞുനോക്കിയത്. അവിടെ അപ്പുച്ചേട്ടന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ നോക്കിയപ്പോള്‍ എന്നെ നോക്കിയിട്ട് ‘ഗോ ഫോര്‍ ഇറ്റ്’ എന്ന് പറഞ്ഞു. അത് എനിക്ക് ധൈര്യം തന്നു. അത്രയേ അവിടെ ഉണ്ടായിട്ടുള്ളൂ. വേറൊന്നുമില്ല,’ വിസ്മയ പറയുന്നു.

തന്നെ ആദ്യമായി ക്യാമറക്ക് മുന്നില്‍ നിര്‍ത്തിയും പ്രണവാണെന്ന് വിസ്മയ പറഞ്ഞു. ചെറുപ്പത്തില്‍ തമാശ പോലെ ഒരു സിനിമ ചെയ്തിട്ടുണ്ടായിരുന്നെന്നും അതിന്റെ സംവിധായകന്‍ പ്രണവായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. അന്നൊന്നും സിനിമ ചെയ്യണമെന്ന ആഗ്രഹം ഇല്ലായിരുന്നെന്നും വിസ്മയ പറയുന്നു.

‘അപ്പുച്ചേട്ടന്‍ ഡയറക്ട് ചെയ്യും, അമ്മ ക്യാമറയില്‍ ഷൂട്ട് ചെയ്യും. ഞാനായിരുന്നു ആ സിനിമയിലെ നായിക. ചെറുപ്പത്തില്‍ ഞാന്‍ ഒരുപാട് ദേഷ്യപ്പെടുമെന്ന് അവര്‍ പറയുമായിരുന്നു. അങ്ങനെ ആ ഒരു കഥ വെച്ചിട്ട് ഹാന്‍ഡി ക്യാമില്‍ ഷൂട്ട് ചെയ്ത സിനിമയായിരുന്നു. ആംഗ്രി മായ എന്നാണ് അവര്‍ ആ സിനിമക്ക് ഇട്ട പേര്,’ വിസ്മയ പറഞ്ഞു.

Content Highlight: Vismaya Mohanlal about the viral video with Pranav after Thudakkam first show

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം