മലയാളികളുടെ ഇഷ്ടതാരമായ മോഹന്‍ലാലിന്റെ മക്കളാണ് പ്രണവും വിസ്മയയും. താരകുടുംബത്തിലെ അംഗങ്ങളാണെങ്കിലും ഇരുവരും പൊതുമധ്യത്തില്‍ അധികം പ്രത്യക്ഷപ്പെടാറില്ല. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന പ്രണവ് ആദിയിലൂടെ നായകവേഷത്തില്‍ അരങ്ങേറി. സിനിമയെക്കാള്‍ യാത്രക്കും സംഗീതത്തിനുമാണ് പ്രണവ് പ്രാധാന്യം നല്‍കുന്നത്.
ഇപ്പോഴിതാ വിസ്മയയും സിനിമയിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്. വിസ്മയയുടെ ആദ്യചിത്രമായ തുടക്കം റിലീസിന് തയാറെടുക്കുകയാണ്. കഥയെക്കുറിച്ച് സൂചനകള്‍ പുറത്തുവിടാത്ത പോസ്റ്ററുകളെല്ലാം ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ത്തിയിരുന്നു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വിസ്മയ നല്‍കുന്ന അഭിമുഖങ്ങളാണ് സിനിമാപേജുകളില്‍ ചര്‍ച്ച.
യാത്രകള്‍ ഒരുപാട് ഇഷ്ടമുള്ളയാളാണ് താനെന്ന് വിസ്മയ പറയുന്നു. താനും സഹോദരന്‍ പ്രണവും കുറച്ച് കസിന്‍സിനൊപ്പം ഹിമാലയത്തിലേക്ക് പോയ യാത്ര മറക്കാന്‍ പറ്റാത്ത ഒന്നാണെന്നും താരം കൂട്ടിച്ചേര്‍ത്തു. പോകുന്നതിനിടയില്‍ വഴിതെറ്റി അലയേണ്ടി വന്നെന്നും വിസ്മയ പറയുന്നു. വനിതയോട് സംസാരിക്കുകയായിരുന്നു താരം.
‘ഞാനും അപ്പുചേട്ടനും കസിന്‍സും കൂടി ഹിമാലയത്തിലേക്ക് പോയതാണ് ഇതുവരെ പോയതില്‍ ഏറ്റവും സുന്ദരം. സത്യം പറഞ്ഞാല്‍ മറ്റൊരു ലോകത്തെത്തിയ അനുഭവമായിരുന്നു അപ്പോള്‍. ട്രെക്കിങ് തുടങ്ങിയപ്പോള്‍ ഞങ്ങളുടെ കൂടെ ഒരു പട്ടിക്കുട്ടിയും വന്നു. എവിടുന്നോ വന്നതായിരുന്നു അത്. ഏഴ് മണിക്കൂറോളം അന്ന് നടന്നു. ഇടക്ക് വഴിതെറ്റിപ്പോയി, കൈയിലെ വെള്ളവും തീര്‍ന്നു.
കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു ഗ്രാമം കണ്ടു. അപ്പോഴാണ് ആശ്വാസമായത്. അതുവരെ ആ പട്ടിക്കുട്ടിയും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ടെങ്കിലും ആ ഹിമാലയന്‍ യാത്ര മനസില്‍ തങ്ങിനില്‍ക്കുന്നതും എപ്പോഴും ഓര്‍ത്തിരിക്കുകയും ചെയ്യുന്ന ഒന്നാണ്. എന്റെയും അപ്പുചേട്ടന്റെയും യാത്രകളുടെ രീതിയില്‍ വലിയ വ്യത്യാസമുണ്ട്.
ഓരു പ്ലാനിങ്ങുമില്ലാതെയാണ് ചേട്ടന്റെ യാത്ര. എല്ലാം പാക്ക് ചെയ്ത് ഇറങ്ങിയ ശേഷമാണ് എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കുന്നത്. എത്തിക്കഴിഞ്ഞതിന് ശേഷമായിരിക്കും താമസിക്കാനുള്ള സ്ഥലത്തെക്കുറിച്ച് ആലോചിക്കുന്നത്. അതില്‍ രസമുണ്ടെന്നാണ് ചേട്ടന്‍ പറയുന്നത്. പക്ഷേ, ഞാന്‍ എല്ലാം പ്ലാന്‍ ചെയ്ത ശേഷമേ യാത്രക്ക് ഇറങ്ങുള്ളൂ. അപ്പുചേട്ടന്‍ മിനിമലിസ്റ്റാണ്, ഞാന്‍ കംഫര്‍ട്ട് സോണില്‍ നില്‍ക്കുന്നയാളും,’ വിസ്മയ പറഞ്ഞു.
Content Highlight: Vismaya Mohanlal about Pranav Mohanlal’s travel plan