മലയാളസിനിമകള്‍ കണ്ട് അതുപോലെ ചെയ്ത എന്റെ പടം തമിഴില്‍ വേണ്ടത്ര വിജയിച്ചില്ല, അതിന് ശേഷം മലയാള പടങ്ങള്‍ കാണുന്നത് കുറച്ചു: വിഷ്ണു വിശാല്‍
Indian Cinema
മലയാളസിനിമകള്‍ കണ്ട് അതുപോലെ ചെയ്ത എന്റെ പടം തമിഴില്‍ വേണ്ടത്ര വിജയിച്ചില്ല, അതിന് ശേഷം മലയാള പടങ്ങള്‍ കാണുന്നത് കുറച്ചു: വിഷ്ണു വിശാല്‍
അമര്‍നാഥ് എം.
Sunday, 21st June 2026, 8:16 pm

രാക്ഷസന്‍ എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടിയ താരമാണ് വിഷ്ണു വിശാല്‍. ക്രിക്കറ്റ് പ്രധാന പ്രമേയമായെത്തിയ ജീവ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു സിനിമാലോകത്തേക്ക് കടന്നുവന്നത്. രാക്ഷസന് ശേഷം മികച്ച സിനിമകള്‍ തെരഞ്ഞെടുത്തുകൊണ്ട് തമിഴിലെ മുന്‍നിരയില്‍ വിഷ്ണുവും ഇടംപിടിച്ചു.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഗാട്ടാ ഗുസ്തി 2 റിലീസിന് തയാറെടുക്കുകയാണ്. 2022ല്‍ പുറത്തിറങ്ങിയ ഗാട്ടാ ഗുസ്തിയുടെ രണ്ടാം ഭാഗമാണിത്. കരിയറില്‍ തനിക്ക് നേരിടേണ്ടി വന്ന തിരിച്ചടികളെക്കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു വിശാല്‍. രാക്ഷസന് ശേഷം വിചാരിച്ച അംഗീകാരം തനിക്ക് ലഭിച്ചിട്ടില്ലെന്ന് വിഷ്ണു വിശാല്‍ പറഞ്ഞു.

വിഷ്ണു വിശാല്‍ Photo: Screen grab/ SS Music

രാക്ഷസനില്‍ പോലും തനിക്ക് അര്‍ഹിച്ച പ്രശംസ ലഭിച്ചില്ലെന്നും പിന്നീട് ചെയ്ത സിനിമകളിലും അങ്ങനെ തന്നെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഗാട്ടാ ഗുസ്തിക്ക് മുമ്പ് ചെയ്ത ഇരണ്ട് വാനം എന്ന ചിത്രം 80 ദിവസത്തോളം റീഷൂട്ട് ചെയ്യേണ്ടി വന്നെന്നും ഒരു രൂപ പോലും അതിന് വാങ്ങിയില്ലെന്നും വിഷ്ണു പറയുന്നു. എസ്.എസ്. മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു താരം.

‘പിന്നെ എടുത്ത് പറയേണ്ട മറ്റൊരു കാര്യം മലയാളസിനിമയെക്കുറിച്ചാണ്. കൊവിഡിന്റെ സമയത്ത് ഞാന്‍ ഒരുപാട് മലയാളസിനിമകള്‍ തേടിപ്പിടിച്ച് കണ്ടിരുന്നു. അതിന്റെ ഒരു ഇന്‍ഫ്‌ളുവന്‍സിലാണ് ആര്യന്‍, മോഹന്‍ദാസ് എന്നീ സിനിമകള്‍ ചെയ്തത്. മലയാളസിനിമകളുടെ ഒരു സ്‌റ്റൈലിലായിരുന്നു ആര്യന്‍. പക്ഷേ, പ്രതീക്ഷിച്ച വിജയം ആ സിനിമക്ക് കിട്ടിയില്ല.

ആര്യന്‍, മോഹന്‍ദാസ് Photo: IMDB

അതുപോലെ മോഹന്‍ദാസ് മലയാളസിനിമകളെ പോലെയാണ് ഒരുക്കിയത്. ഒ.ടി.ടിക്ക് വേണ്ടി ചെയ്ത ആ പടവും ഇതുവരെ പുറത്തിറക്കാനായില്ല. ഈ രണ്ട് സിനിമകള്‍ക്ക് ശേഷം ഞാന്‍ മലയാളസിനിമകള്‍ കാണുന്നത് പരമാവധി കുറച്ചു. കാരണം, തമിഴിലെ എന്റെ സ്‌ക്രിപ്റ്റ് സെലക്ഷനെ അത് ബാധിക്കാന്‍ തുടങ്ങി,’ വിഷ്ണു വിശാല്‍ പറയുന്നു.

ചെല്ലാ അയ്യാവു സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ഗാട്ടാ ഗുസ്തിയുടെ രണ്ടാം ഭാഗത്തിന്റെ ഓരോ അപ്‌ഡേറ്റും സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. കോമഡി ആക്ഷന്‍ എന്റര്‍ടൈനറായൊരുങ്ങുന്ന ചിത്രം ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും.

Content Highlight: Vishnu Vishal saying he reduced watching Malayalam movies

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം