പ്യൂബിറ്റി മെയ്ല്‍ അത്‌ലീറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി വിരാട് കോഹ്‌ലി. അര്‍ജന്റൈന്‍ നായകനും ഫുട്‌ബോള്‍ ഇതിഹാസവുമായ ലയണല്‍ മെസിയെ മറികടന്നുകൊണ്ടാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ഈ പുരസ്‌കാരം സ്വന്തമാക്കിയത്.

മെസിക്കും വിരാടിനും പുറമെ നൊവാക് ദ്യോകോവിച്ച്, പാറ്റ് കമ്മിന്‍സ്, ലെബ്രോണ്‍ ജെയിംസ്, എര്‍ലിങ് ഹാലണ്ട്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മാക്‌സ് വേഴ്‌സ്റ്റപ്പന്‍ എന്നിവരടക്കം 16 താരങ്ങളാണ് പ്യൂബിറ്റി അത്‌ലീറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനായി മത്സരരംഗത്തുണ്ടായിരുന്നത്.

ഡിസംബര്‍ 31നാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. അവസാന റൗണ്ടില്‍ വിരാട് കോഹ്ലിയും ലയണല്‍ മെസിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിരാടിന് മെസിയേക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 78 ശതമാനം വോട്ടുകളും വിരാടിന്റെ പേരില്‍ കുറിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2019ലെ ഫിഫ വനിതാ ലോകകപ്പ് നേടിയതിന് പിന്നാലെ അമേരിക്കന്‍ ഫുട്‌ബോള്‍ ടീമിനാണ് ഈ പുരസ്‌കാരം ആദ്യമായി ലഭിച്ചത്. ശേഷം 2020ല്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം ലെബ്രോണ്‍ ജെയിംസ്, 2021ല്‍ അമേരിക്കന്‍ ജിംനാസ്റ്റായ സൈമണ്‍ ബില്‍സ്, 2022ല്‍ ബേസ്‌ബോള്‍ താരം ആരോണ്‍ ജഡ്ജും ഈ പുരസ്‌കാരം നേടിയിരുന്നു.

 

എര്‍ലിങ് ഹാലണ്ട്, ടെന്നീസ് ഇതിഹാസം നൊവാക് ദ്യോകോവിച്ച് എന്നിവരെ മറികടന്നാണ് മെസി ടൈംസ് അത്‌ലീറ്റ് ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടത്.

 

Content Highlight: Virat Kohli wins Pubity Athlete Of The Year Award