സഞ്ജയ് ദത്തിന്റെ പാട്ട് വെച്ച് അയാളെ തന്നെ തീര്‍ത്തുകളഞ്ഞു, വല്ലാത്തൊരു ഡയറക്ടര്‍ ബ്രില്യന്‍സ് തന്നെ ആദിത്യ ധറേ, ചര്‍ച്ചയായി വിന്റേജ് ഗാനം
Indian Cinema
സഞ്ജയ് ദത്തിന്റെ പാട്ട് വെച്ച് അയാളെ തന്നെ തീര്‍ത്തുകളഞ്ഞു, വല്ലാത്തൊരു ഡയറക്ടര്‍ ബ്രില്യന്‍സ് തന്നെ ആദിത്യ ധറേ, ചര്‍ച്ചയായി വിന്റേജ് ഗാനം
അമര്‍നാഥ് എം.
Thursday, 26th March 2026, 11:23 am

ആദ്യഭാഗത്തിന്റെ വിജയം ആവര്‍ത്തിച്ചുകൊണ്ട് ബോക്‌സ് ഓഫീസില്‍ ഗംഭീര മുന്നേറ്റം നടത്തുകയാണ് ബോളിവുഡ് ചിത്രം ധുരന്ധര്‍ 2 റിവഞ്ച്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായ ധുരന്ധറിന്റെ രണ്ടാം ഭാഗം ആദ്യ വീക്കെന്‍ഡില്‍ തന്നെ 700 കോടിയോളം നേടിക്കഴിഞ്ഞു. രണ്ട് ഭാഗങ്ങളും ഇന്‍ഡസ്ട്രി ഹിറ്റാവുക എന്ന അപൂര്‍വ നേട്ടം ധുരന്ധര്‍ സ്വന്തമാക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

ഇന്ത്യന്‍ സിനിമ ഇതേവരെ കാണാത്ത തരത്തിലുള്ള വയലന്‍സും ആക്ഷനുമാണ് ധുരന്ധറില്‍ സംവിധായകന്‍ ആദിത്യ ധര്‍ ഒരുക്കിവെച്ചത്. പ്രേക്ഷകരുടെ അറ്റന്‍ഷന്‍ സ്പാന്‍ കുറഞ്ഞിരിക്കുന്ന സമയത്ത് മൂന്നര മണിക്കൂറിലധികം സമയം തിയേറ്ററുകളില്‍ അവരെ പിടിച്ചിരുത്തുക എന്ന വലിയ ടാസ്‌ക് ആദിത്യ ഭംഗിയായി ചെയ്തുവെച്ചിട്ടുണ്ട്.

 

ചിത്രത്തിലെ ആക്ഷനും മേക്കിങ്ങിനുമൊപ്പം പലരും എടുത്തുപറയുന്ന ഒന്നാണ് വിന്റേജ് ഗാനങ്ങളുടെ ഉപയോഗം. രണ്ട് ഭാഗത്തിലും നിരവധി പഴയഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒട്ടും ബോറടി തോന്നാതെ സീനിനോട് ചേരുന്ന തരത്തിലാണ് ഇവയുടെ പ്ലേസ്‌മെന്റ്. ചിത്രത്തിലെ വില്ലന്മാരിലൊരാളായ സഞ്ജയ് ദത്തിന് വേണ്ടി സംവിധായകന്‍ ഉള്‍പ്പെടുത്തിയ രണ്ട് വിന്റേജ് ഗാനങ്ങളാണ് സിനിമാലോകത്തെ ചര്‍ച്ച. ഇതില്‍ രണ്ടാം ഭാഗത്തില്‍ നല്‍കിയ പാട്ട് വളരെ വേഗത്തില്‍ വൈറലായി.

സഞ്ജയ് ദത്ത് അവതരിപ്പിച്ച അസ്‌ലം ചൗധരി എന്ന കഥാപാത്രം രണ്‍വീറിന്റെ ഹംസക്കെതിരെ തിരിയുന്നതും ഇതറിയുന്ന ഹംസ എസ്.പിയെ കൊല്ലാന്‍ പദ്ധതിയിടുന്നതുമായ ഭാഗങ്ങള്‍ ഗംഭീരമായാണ് ആദിത്യ ധര്‍ ഒരുക്കിവെച്ചത്. അസ്‌ലം ചൗധരിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സീനില്‍ പഴയകാല ബോളിവുഡ് ഗാനം ‘തമ്മാ തമ്മാ ലോഗേ’ എന്ന ഗാനമാണ് ഉപയോഗിച്ചത്.

സഞ്ജയ് ദത്തിന്റെ പഴയകാല ചിത്രമായ ഥാനേദാറിലെ ഗാനമാണിത്. 1990ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ ഗാനം വര്‍ഷങ്ങള്‍ക്ക് ശേഷം വൈറലായിരിക്കുകയാണ്. യൂട്യൂബില്‍ ഈ പാട്ടിന്റെ വീഡിയോ സോങ്ങിന്റെ കമന്റ് ബോക്‌സ് രസകരമാണ്. പലരും ധുരന്ധര്‍ 2ന് ശേഷമാണ് ഈ പാട്ട് തപ്പിപിടിച്ച് വന്നത്. സഞ്ജയ് ദത്തിന്റെ കഥാപാത്രത്തെ ട്രോളിക്കൊണ്ടും കമന്റുകളുണ്ട്.

‘സഞ്ജയ് ദത്തിന്റെ പാട്ട് ഉപയോഗിച്ച് അയാളെ തന്നെ തട്ടിക്കളഞ്ഞല്ലോ, വല്ലാത്തൊരു ഡയറകടര്‍ ബ്രില്യന്‍സ് തന്നെ’, ‘ഹവാ ഹവായിലൂടെ കിടിലന്‍ എന്‍ട്രി കണ്ടപ്പോള്‍ അതിനെക്കാള്‍ കിടിലന്‍ പാട്ടില്‍ പറഞ്ഞുവിടുമെന്ന് കരുതിയില്ല,’ ’36 വര്‍ഷത്തെ ഗ്യാപ്പില്‍ രണ്ട് കിടിലന്‍ പൊലീസ് റോള്‍. സഞ്ജു ബാബ എന്ന് പറഞ്ഞാല്‍ ചുമ്മാതാണോ’ എന്നിങ്ങനെയാണ് കമന്റുകള്‍.

Content Highlight: Vintage song used for Sanjay Dutt in Dhurandhar 2 viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം