ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാല്‍ – കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ വീണ്ടും ഒരുമിക്കുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഹൃദയത്തിന് ശേഷം എന്തുകൊണ്ടാണ് വീണ്ടും പ്രണവിനെ തന്റെ സിനിമയില്‍ നായകനായി കൊണ്ടുവരുന്നതെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഹൃദയം സിനിമ കഴിഞ്ഞത് മുതല്‍ പ്രണവിന്റെ കൂടെ മറ്റൊരു സിനിമ ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഹൃദയത്തിന്റെ എക്‌സ്പീരിയന്‍സ് വളരെ മികച്ചതായിരുന്നു. ഇനി അതുപോലെ ഒരു എക്‌സ്പീരിയന്‍സ് ഉണ്ടാകുമോയെന്ന് എനിക്ക് അറിയില്ല.

കാരണം രണ്ട് വര്‍ഷം ഒരു ഫുള്‍ ക്രൂ ആ സിനിമക്ക് വേണ്ടി വര്‍ക്ക് ചെയ്തിരുന്നു. കൊവിഡിന് മുമ്പ് ഒരു ഷെഡ്യൂളും അതിന് ശേഷം മറ്റൊന്നുമായിരുന്നു പ്ലാന്‍ ചെയ്തത്. 2019ലാണ് ഞാന്‍ അപ്പുവിനോട് കഥ പറയുന്നത്. 2022ലാണ് ആ പടം വരുന്നത്.

ഏകദേശം മൂന്നു വര്‍ഷത്തോളം ഞങ്ങള്‍ തമ്മില്‍ ഇന്‍ട്രാക്ഷനുണ്ടായിരുന്നു. അന്ന് ഹൃദയം ലാസ്റ്റ് ഡേ ഷൂട്ട് ചെയ്ത് കഴിഞ്ഞ് കെട്ടിപിടിച്ചു നില്‍ക്കുമ്പോള്‍ അപ്പു ചെവിയില്‍ ഒരു കാര്യം പറഞ്ഞു. നമുക്ക് ഇനിയും ഒരു പടം കൂടെ ഒരുമിച്ച് ചെയ്യണം എന്നായിരുന്നു അത്. എന്റെ ഉള്ളിലും ഇതേകാര്യം ഉണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ഷൂട്ടിങ് അവസാനിച്ചത് പൊള്ളാച്ചിയിലാണ്. അന്ന് അവിടുന്ന് കെട്ടിപിടിച്ചപ്പോള്‍ ഇതേകാര്യം തന്നെയാണ് അപ്പു പറഞ്ഞത്. ഒരിക്കല്‍ക്കൂടെ ഒരു പടം ചെയ്യണമെന്ന് പറഞ്ഞു. ഒന്നിച്ചു രണ്ട് പടം ചെയ്തിട്ടും അതേ ആഗ്രഹം ഇനിയുമുണ്ട്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ക്ക് പുറമെ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെയാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. ഒപ്പം നിവിന്‍ പോളി ഗസ്റ്റ് റോളിലുമെത്തുന്നുണ്ട്.


Content Highlight: Vineeth Sreenivasan Talks About Pranav Mohanlal In Varshangalk Shesham