പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ കരിയറാരംഭിച്ച നടനാണ് വിനയ് ഫോര്‍ട്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് വിനയ്‌യുടെ കരിയര്‍ മാറിമറിഞ്ഞത്. പിന്നീട് നായകനായും സഹനടനായും അദ്ദേഹം തിളങ്ങി. ഓരോ സിനിമയിലും വ്യത്യസ്തമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ ശ്രമിക്കുന്ന നടന്മാരിലൊരാളാണ് വിനയ് ഫോര്‍ട്ട്.

ദുല്‍ഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിമാണ് വിനയ് ഫോര്‍ട്ടിന്റെ ഏറ്റവും പുതിയ ചിത്രം. സമീപകാലത്ത് വന്നതില്‍ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ് ഐ ആം ഗെയിമെന്നും വലിയ പ്രതീക്ഷയാണ് ആ സിനിമയിലെന്നും അടുത്തിടെ വിനയ് ഫോര്‍ട്ട് പറഞ്ഞിരുന്നു.

ചിത്രത്തില്‍ പ്രാധാന്യമുള്ള വേഷങ്ങളിലൊന്നാണ് താന്‍ ചെയ്യുന്നതെന്നും നഹാസ് എന്ന സംവിധായകന്‍ പ്രേക്ഷകരെ ഞെട്ടിക്കുമെന്നും താരം പറഞ്ഞു. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ചത് മികച്ച അനുഭവമായിരുന്നെന്നും അയാളിലെ താരത്തെക്കാള്‍ അയാളിലെ മനുഷ്യനെ അടുത്തറിയാന്‍ സാധിച്ചെന്നും വിനയ് പറയുന്നു. റെഡ് എഫ്.എം മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

‘ദുല്‍ഖറെന്ന് പറയുമ്പോള്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ മകന്‍, പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍, 500ല്‍ കൂടുതല്‍ വണ്ടികളൊക്കെ ഉള്ളയാളാണ്. വലിയ ചിന്തയൊക്കെയാളാണെന്നൊക്കെയാകും നമ്മള്‍ ചിന്തിക്കുക. എന്നോട് ചില പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ചൂടാകുമ്പോള്‍ ‘ചേട്ടാ, നിങ്ങള്‍ എന്നോട് ദേഷ്യപ്പെടുന്നതുപോലെ ദുല്‍ഖറിനോട് ചൂടാകുമോ’ എന്ന് ചോദിക്കും. പക്ഷേ, ഐ ആം ഗെയിമിന്റെ ഷൂട്ട് കഴിഞ്ഞപ്പോള്‍ മനസിലായി, ദുല്‍ഖര്‍ നമ്മളെപ്പോലെയൊക്കെ തന്നെയാണെന്ന്.

Dulquer Salmaan Photo/ Screen Grab/ Hollywood Reporter India

അയാള്‍ക്ക് അയാളുടേതായ സ്ട്രഗിളുകളുണ്ട്. അയാളുടെ ഇനിഷ്യല്‍ ജേര്‍ണികളൊക്കെ കഷ്ടപ്പെട്ടതായിരുന്നു. നമ്മളെപ്പോലെയൊക്കെ ചിന്തിക്കുന്നയാളാണ് ദുല്‍ഖര്‍. ഐക്കോണിക്കായ സ്റ്റാറായി നില്‍ക്കുന്ന, എല്ലാവരുടെയും സ്‌നേഹം കിട്ടുന്ന ഒരാളാണെങ്കിലും അയാള്‍ ആരോടും ദേഷ്യപ്പെട്ട് ഞാന്‍ കണ്ടിട്ടില്ല. ഇന്ത്യയിലെ വലിയ സ്റ്റാറുകളിലൊരാളായിട്ടും വളരെ ജനുവിനായിട്ടുള്ള ആളായിട്ടാണ് അദ്ദേഹം പെരുമാറുന്നത്,’ വിനയ് ഫോര്‍ട്ട് പറയുന്നു.

ആര്‍.ഡി.എക്‌സ് എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം ഗെയിം. ഡാന്‍ ജോണ്‍ എന്ന ഗാംബ്ലറായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. ചൂതാട്ടത്തിനും ക്രിക്കറ്റിനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രം ഓണം റിലീസായി പ്രേക്ഷകരിലേക്കെത്തുമെന്നാണ് ആദ്യം അറിയിച്ചത്.

Content Highlight: Vinay Fortt shares the shooting experience with Dulquer Salmaan