അനുഗ്രഹിക്കാനായി തലകുനിച്ചു,സ്വാമി മുതുകത്ത് തന്നത് കിടിലൻ അടി; വിനയ് ഫോർട്ട്
Malayalam Cinema
അനുഗ്രഹിക്കാനായി തലകുനിച്ചു,സ്വാമി മുതുകത്ത് തന്നത് കിടിലൻ അടി; വിനയ് ഫോർട്ട്
അജ്മല്‍ കെ
Thursday, 20th August 2026, 9:44 am

ഓണം റിലീസായി തിയറ്ററുകളിലെത്താനൊരുങ്ങുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ പ്രമോഷന്റെ ഭാഗമായി സംസാരിക്കുന്നതിനിടെയാണ് തന്റെ സിനിമാജീവിതത്തിലെ രസകരമായ ഒരു അനുഭവം നടൻ വിനയ് ഫോർട്ട് പങ്കുവച്ചത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജുവിന്റെ അമ്മാവനായാണ് വിനയ് എത്തുന്നത്. നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഓണത്തിന് കുടുംബത്തോടൊപ്പം തിയറ്ററിൽ പോയി കാണാൻ കഴിയുന്ന സിനിമയായിരിക്കും ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്നാണ് വിനയ് ഫോർട്ട് പറയുന്നത്. നിവിൻ പോളിയും ഗിരീഷ് എ.ഡിയും ഒന്നിക്കുന്നു എന്നതും ‘പ്രേമലു’വിന് ശേഷം ഗിരീഷ് ഒരുക്കുന്ന ചിത്രമാണെന്നതും സിനിമയുടെ പ്രത്യേകതകളാണെന്നും താരം പറയുന്നു.

വിനയ് ഫോർട്ട്.Photo: Screengrab/ Youtube

‘എന്റെ സുഹൃത്തുക്കൾ എന്നോട് ഈ പടം കാണാൻ ഒരുപാട് റീസണുകളുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഒന്ന് ഉറപ്പായും ഗിരീഷിന്റെ ‘പ്രേമലു’വിന് ശേഷമുള്ള സിനിമയാണ്. പിന്നെ ഇത് ഒരു ഫാമിലി ഗുഡ് ഴോണറിൽ വരുന്ന സിനിമയാണ്. നിവിനും ഗിരീഷും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്. അതിനപ്പുറത്തേക്ക് നിവിനും മമിതയും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അങ്ങനെ ഒരുപാട് പ്രത്യേകതകൾ ഈ സിനിമയ്ക്കുണ്ട്. ഓണം ആയിട്ട് ഫാമിലിയോടൊപ്പം കണ്ടിറങ്ങാൻ പറ്റുന്ന ഒരു സിനിമയാകും തീർച്ചയായും ബെത്‌ലഹേം കുടുംബ യൂണിറ്റ്,’വിനയ് ഫോർട്ട് പറഞ്ഞു.

പിന്നാലെയാണ് തന്റെ പഴയ ചിത്രമായ ‘പ്രഭുവിന്റെ മക്കൾ’ലെ ഒരു രസകരമായ അനുഭവം വിനയ് പങ്കുവച്ചത്. ഹരിദ്വാറിൽ ചിത്രീകരണത്തിനായി പോയപ്പോഴുണ്ടായ സംഭവമാണ് താരം ഓർത്തെടുത്തത്.

‘എനിക്ക് ഭയങ്കര ഇഷ്ടമുള്ള സിനിമയാണ് പ്രഭുവിന്റെ മക്കൾ. അതിൽ ഗൊറില്ല ഷൂട്ടാണ് ഹരിദ്വാറിൽ നടന്നത്. ഞങ്ങൾ ഷൂട്ട് ചെയ്യാൻ പോയപ്പോൾ ഒരു ആശ്രമത്തിൽ ഒരു സ്വാമി ഇരിക്കുന്നുണ്ടായിരുന്നു. ആക്ഷൻ പറഞ്ഞപ്പോൾ പുള്ളി എന്നെ അനുഗ്രഹിക്കുന്ന ഒരു സംഭവമായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഞാൻ അനുഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ പുള്ളി മുതുകത്ത് പിടിച്ചിട്ട് ഒരടി തന്നു. ഞാൻ എഴുന്നേറ്റപ്പോൾ വീണ്ടും തല പിടിച്ച് താഴ്ത്തിയിട്ട് മുതുകത്ത് ഒരടി കൂടി തന്നു,’താരം പറഞ്ഞു.

വർഷങ്ങൾ കഴിഞ്ഞിട്ടും ആ രംഗം ആളുകൾ ഇപ്പോഴും ആഘോഷിക്കാറുണ്ടെന്നും വിനയ് പറയുന്നു. എന്തെങ്കിലും പറയുമ്പോൾ പോലും ആ രംഗം കാണിച്ചുതരാറുണ്ടെന്നും സിനിമയിലെ പാട്ടിലും ആ രംഗം ഇപ്പോഴും ഉണ്ടെന്നും താരം പറഞ്ഞു.

‘എന്റെ ഫ്രണ്ട്സ് ഇപ്പോഴും അത് സെലിബ്രേറ്റ് ചെയ്യാറുണ്ട്. എന്തെങ്കിലും പറയുമ്പോൾ അത് കാണിച്ചുതരും. സിനിമയിലെ പാട്ടിലും ഇപ്പോഴും അതുണ്ട്. ഫഹദിനൊക്കെ ജീവിതത്തിൽ എന്തെങ്കിലും സങ്കടം വരുമ്പോൾ യൂട്യൂബിൽ ആ പാട്ട് എടുത്ത് കാണും,’വിനയ് ഫോർട്ട് കൂട്ടിച്ചേർത്തു.

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്.Photo: Screengrab/ Bhavana studios/ Youtube.com

പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓണം റിലീസായാണ് തിയറ്ററുകളിലെത്തുന്നത്. നിവിൻ പോളി, മമിത ബൈജു, വിനയ് ഫോർട്ട് എന്നിവർക്കൊപ്പം നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ നിവിനും മമിതയും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കുടുംബ പശ്ചാത്തലത്തിലുള്ള ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഗിരീഷ് എ.ഡി തന്നെയാണ്. ഓണക്കാലത്ത് കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

Content Highlight: Vinay Forrt opens up about his new film Bethlehem Kudumba Unit and his nostalgic memories from his earlier films

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.