പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം വിജി തമ്പി വീണ്ടും സംവിധാനത്തിലേക്ക് എത്തുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയില്‍ ഒരുകാലത്ത് ആക്ഷന്‍ ഹീറോയായിരുന്ന നടനാണ് നായകനായെത്തുന്നത് എന്നാണ് സൂചന. ഒരു റിയലിസ്റ്റിക് ത്രില്ലര്‍ സിനിമയുമായാണ് തിരിച്ചുവരവ് എന്നാണ് റിപ്പോര്‍ട്ട്. കേരളക്കരയെ പിടിച്ച് കുലുക്കിയ ഒരു പ്രമാദമായ കേസാണ് സിനിമയുടെ ഇതിവൃത്തം എന്നാണ് സൂചന.

സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. സസ്പെന്‍സ് നിറഞ്ഞ ഒരു ത്രില്ലെര്‍ മൂവി ആകും ഇതെന്നാണ് വിജി തമ്പിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഈ സിനിമയിലൂടെ മലയാളത്തിലേക്ക് ഒരു പുതിയ നായികയെ കൂടി വിജി തമ്പി അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. മറ്റ് താര നിര്‍ണയം നടന്ന് വരുന്നതേയുള്ളു. പൊലീസും കോടതിയും സി.ബി.ഐയും പശ്ചാത്തലമാകുന്ന സിനിമയാണ് ഇതെന്നാണ് അദ്ദേഹവുമായി അടുപ്പുമുള്ളവര്‍ പറയുന്നത്.

2013ല്‍ പുറത്തിറങ്ങിയ നാടോടി മന്നനായിരുന്നു വിജി തമ്പി ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. ബോക്സോഫീസില്‍ ഏറെ ഹിറ്റായ ചിത്രമായിരുന്നു അത്. പത്ത് വര്‍ഷത്തെ ഇടവേളക്കുശേഷം വിജി തമ്പി എത്തുമ്പോള്‍ ഇതൊരു ബോക്‌സ് ഓഫീസ് ഹിറ്റ് തന്നെയാകും എന്നാണ് പ്രേക്ഷക പ്രതീക്ഷ.

1988ല്‍ പുറത്തിറങ്ങിയ ‘ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ്’ ആണ് ആദ്യചിത്രം.വിറ്റ്‌നസ്, ന്യൂ ഇയര്‍, കാലാള്‍പ്പട, നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം, തിരുത്തല്‍വാദി, സത്യമേവ ജയതേ, നാറാണത്ത് തമ്പുരാന്‍, ബഡാ ദോസ്ത്, നമ്മള്‍ തമ്മില്‍ തുടങ്ങി ഇരുപത്തിയഞ്ചിലേറെ മലയാളചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ഇന്നും ആഘോഷിക്കപ്പെടുന്നതാണ്. റിപ്പീറ്റ് വാല്യുവുള്ളതാണ് വിജി ബാലിന്റെ പല സിനിമകളുമെന്നാണ് ആരാധകരും സിനിമാ പ്രേമികളുമടക്കം പറയുന്നത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിനായി സിനിമാ ലോകം കാത്തിരിക്കുകയാണ്.

content highlight: viji thambi new movie