മലയാളികളുടെ പ്രിയഗായകരിലൊരാളാണ് വിജയ് യേശുദാസ്. ഗായകൻ എന്നതിലുപരി അഭിനേതാവെന്ന നിലയിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘ജി.ഡി.എൻ’യിൽ അവതരിപ്പിക്കുന്ന വ്യത്യസ്തമായ കഥാപാത്രത്തെക്കുറിച്ചും അഭിനയാനുഭവത്തെക്കുറിച്ചും സംസാരിക്കുകയാണ് താരം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ പരിപാടിയിൽ ആയിരുന്നു വിജയ് യേശുദാസിന്റെ പ്രതികരണം.
ഈ സിനിമയിൽ ഞാൻ പാട്ടുകാരനായിട്ടല്ല വരുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പാട്ടിനെക്കുറിച്ചും നമ്മൾ സംസാരിച്ചിരുന്നെങ്കിലും ഈ സിനിമയിൽ ഞാൻ പാടുന്നില്ല. ഈ സിനിമ എനിക്ക് നല്ല അനുഭവങ്ങളും ഓർമകളും സമ്മാനിച്ചു. എന്നെ ഈ സിനിമയിലേക്ക് വിളിച്ചതിന് ഒരുപാട് നന്ദിയുണ്ട്.
എന്റെ കഥാപാത്രം ഇതുവരെ സർപ്രൈസായി വെച്ചിരിക്കുകയായിരുന്നു. പക്ഷേ ഇന്നലെ സംവിധായകൻ ചെന്നൈയിൽ വെച്ച് അത് വെളിപ്പെടുത്തി. വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ്. പക്ഷേ അത് എന്താണെന്ന് പ്രേക്ഷകർക്ക് മനസ്സിലാകാൻ കുറച്ച് സമയം എടുക്കും. ഈ സിനിമയിൽ ഓരോ കഥാപാത്രത്തിനും അതിന്റേതായ പ്രാധാന്യമുണ്ട് എന്നും വിജയ് യേശുദാസ് പറഞ്ഞു.
സിങ്ക് സൗണ്ടിൽ ചിത്രീകരിച്ച സിനിമയായതിനാൽ കഥാപാത്രത്തിന് അനുയോജ്യമായ ശബ്ദം കൊടുക്കണം എന്നുണ്ടായിരുന്നെന്ന് വിജയ് യേശുദാസ് പറഞ്ഞു. തന്റെ ശബ്ദം ആളുകൾക്ക് പെട്ടന്ന് തിരിച്ചറിയാൻ കഴിയുമെന്നതിനാൽ കഥാപാത്രത്തിനനുസരിച്ച് അത് മാറ്റാൻ സംവിധായകൻ ഉൾപ്പെടെയുള്ള ടീമിന്റെ സഹായം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
‘ഈ കഥാപാത്രത്തിൽ എന്റെ യഥാർഥ ശബ്ദം വരാൻ പാടില്ലെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അത് എങ്ങനെ ശരിയാക്കാമെന്ന കാര്യത്തിൽ സംവിധായകനും ടീമും എന്നെ ഒരുപാട് സഹായിച്ചു. ഇന്നലെ പ്രീമിയർ ഷോ കണ്ടപ്പോൾ എന്റെ ചില സുഹൃത്തുക്കൾക്ക് പോലും ഞാൻ സിനിമയിൽ വന്നുപോയത് തിരിച്ചറിയാൻ കഴിഞ്ഞില്ല,’ അദ്ദേഹം പറഞ്ഞു.
എനിക്ക് സിനിമയിൽ അഭിനയിക്കാൻ ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ടാണ് ഒരു കഥാപാത്രത്തിനുവേണ്ടി ഇത്രയും എഫർട്ട് എടുക്കാൻ കിട്ടിയ അവസരം ഞാൻ സ്വീകരിച്ചത്. ‘മാരി’ സിനിമ ചെയ്യുമ്പോഴും ധനുഷ് സാറാണ് എന്നെ സംവിധായകന് പരിചയപ്പെടുത്തിയത്. ആദ്യം അത് കേട്ടപ്പോൾ ആരോ കളിയാക്കുകയാണെന്നോ പ്രാങ്ക് ചെയ്യുകയാണെന്നോ ആണ് ഞാൻ വിചാരിച്ചത്. പക്ഷേ ഷൂട്ടിങ് മുന്നോട്ടുപോയപ്പോഴാണ് ആ കഥാപാത്രത്തിന്റെ ശക്തി മനസ്സിലായത്.
സംവിധായകന് ആ കഥാപാത്രത്തിന് എന്ത് ബോഡി ലാംഗ്വേജാണ് വേണ്ടതെന്നും എങ്ങനെ ചെയ്യണമെന്നും കൃത്യമായി അറിയാമായിരുന്നു. അതുപോലെ ഈ സിനിമയിലും വേഷം ചെറുതാണെങ്കിലും അതിനുവേണ്ടി ഒരുപാട് പരിശ്രമിക്കാൻ കഴിഞ്ഞു. അതിൽ എനിക്ക് വലിയ സന്തോഷമുണ്ട് എന്നും വിജയ് യേശുദാസ് പറഞ്ഞു.
ആർ.മാധവനെ കേന്ദ്ര കഥാപാത്രമാക്കി കൃഷ്ണകുമാർ രാമകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജി.ഡി.എൻ. ‘ഇന്ത്യയുടെ എഡിസൺ’ എന്നറിയപ്പെടുന്ന പ്രശസ്ത വ്യവസായിയും ഇൻവെന്ററുമായ ജി.ഡി. നായിഡുവിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ജയറാം, സത്യരാജ്, പ്രിയാമണി, ദുഷാര വിജയൻ, അതിഥി ബാലൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓഗസ്റ്റ് 7-ന് ചിത്രം തിയറ്ററുകളിൽ റിലീസിനെത്തും.