ഈ ചെക്കന്‍ ഇതെന്തിനുള്ള പുറപ്പാടാ... ചരിത്ര നേട്ടത്തില്‍ വീണ്ടും റെക്കോഡിട്ട് ഞെട്ടിച്ചു!
Cricket
ഈ ചെക്കന്‍ ഇതെന്തിനുള്ള പുറപ്പാടാ... ചരിത്ര നേട്ടത്തില്‍ വീണ്ടും റെക്കോഡിട്ട് ഞെട്ടിച്ചു!
ശ്രീരാഗ് പാറക്കല്‍
Sunday, 26th April 2026, 7:25 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന വമ്പന്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഉദയസൂര്യന്‍മാരുടെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു പടുത്തുയര്‍ത്തിയത്. മറുപടിക്കിറങ്ങിയ ഹൈദരാബാദ് ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഹൈദരാബാദ് പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.

മത്സരത്തില്‍ രാജസ്ഥാന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് 15 വയസുകാരനായ വൈഭവ് സൂര്യവംശിയാണ്. രണ്ടാം സെഞ്ച്വറി അടിച്ചെടുത്താണ് വൈഭവ് താണ്ഡവമാടിയത്. 37 പന്തില്‍ 12 കൂറ്റന്‍ സിക്‌സറുകളും അഞ്ച് ഫോറും ഉള്‍പ്പെടെ 103 റണ്‍സാണ് വൈഭവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 278.38 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. പക്ഷെ രാജസ്ഥാന്‍ തോല്‍വി വഴങ്ങിയതോടെ താരത്തിന്റെ സെഞ്ച്വറിയും വിഫലമായി.

എന്നിരുന്നാലും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് കൗമാരതാരം. ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാകാനാണ് വൈഭവിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തും വൈഭവ് തന്നെയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ അത്ര പെട്ടന്നൊന്നും തകര്‍ക്കപ്പെടാന്‍ പറ്റാത്ത റെക്കോഡില്‍ ഒന്നും രണ്ടും സ്ഥാനം തൂക്കിയ വൈഭവിന് അഭിനന്ദനപ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.

ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞവര്‍

(താരം, വയസ്, എതിരാളി)

വൈഭവ് സൂര്യവംശി (രാജസ്ഥാന്‍ റോയല്‍സ്) – 14 വയസും 32 ദിവസവും – ഗുജറാത്ത്

വൈഭവ് സൂര്യവംശി (രാജസ്ഥാന്‍ റോയല്‍സ്) – 15 വയസും 29 ദിവസവും – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

മനീഷ് പാണ്ഡേ (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു) – 19 വയസും 253 ദിവസവും – ഡെക്കാന്‍ ചാര്‍ജേഴ്‌സ്

റിഷബ് പന്ത് (ദല്‍ഹി ക്യാപിറ്റല്‍സ്) – 20 വയസും 218 ദിവസവും – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

മത്സരത്തില്‍ സൂര്യവംശിക്ക് പുറമെ ധ്രുവ് ജുറേല്‍ 35 പന്തില്‍ 51 റണ്‍സ് നേടിയിരുന്നു.

ഹൈദരാബാദിനായി ഈഷന്‍ മലിംഗ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പ്രഫുല്‍ ഹിംഗെ, പാറ്റ് കമ്മിന്‍സ്, സാക്കിബ് ഹുസൈന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍ ഇഷാന്‍ കിഷനാണ്. 31 പന്തില്‍ മൂന്ന് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 74 റണ്‍സാണ് താരം നേടിയത്. അഭിഷേക് ശര്‍മ 29 പന്തില്‍ 57 റണ്‍സും നേടി. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍, ബ്രിജേഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഡെണോവന്‍ ഫെരേരിയ ഒരു വിക്കറ്റും നേടി.

Content Highlight: Vaibhav Suryavanshi In Great Record Achievement In IPL History

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ