ആര് വന്ന് ബോളെറിഞ്ഞാലും ഈ ചെക്കന് ആന മയില്‍ ഒട്ടകം! ഹിറ്റിങ് മെഷീന് സൂപ്പര്‍ ഹിറ്റ് റെക്കോഡ്
Cricket
ആര് വന്ന് ബോളെറിഞ്ഞാലും ഈ ചെക്കന് ആന മയില്‍ ഒട്ടകം! ഹിറ്റിങ് മെഷീന് സൂപ്പര്‍ ഹിറ്റ് റെക്കോഡ്
ശ്രീരാഗ് പാറക്കല്‍
Tuesday, 28th April 2026, 10:42 pm

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടം തുടരുകയാണ്. പഞ്ചാബിന്റെ തട്ടകമായ പി.സി.എ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്.

നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് നേടിയത്. ഓപ്പണിങ്ങില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയായിരുന്നു രാജസ്ഥാന്റെ സൂപ്പര്‍ കിഡ് മടങ്ങിയത്. 16 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 43 റണ്‍സാണ് താരം അടിച്ചെടുത്തത്. 268.75 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും വൈഭവിനുണ്ടായിരുന്നു. അര്‍ഷ്ദീപ് സിങ്ങും ലോക്കി ഫര്‍ഗൂസണും മാര്‍ക്കോ യാന്‍സനുമടങ്ങുന്ന വമ്പന്‍മാര്‍ പന്തെറിഞ്ഞിട്ടും കൂറ്റനടികൊണ്ടാണ് 15 വയസുകാരന്‍ മറുപടി പറഞ്ഞത്.

ഇതിനെല്ലാം പുറമെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് വൈഭവ്. ഐ.പി.എല്ലിലെ ഈ സീസണില്‍ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്.

2026ലെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ പവര്‍പ്ലേ സിക്‌സര്‍ നേടുന്ന താരം

വൈഭവ് സൂര്യവംശി (രാജസ്ഥാന്‍ റോയല്‍സ്) – 29

പ്രിയാന്‍ഷ് ആര്യ (പഞ്ചാബ് കിങ്‌സ്) – 20

അഭിഷേക് ശര്‍മ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) – 19

പ്രഭ്‌സിമ്രാന്‍ സിങ് (പഞ്ചാബ് കിങ്‌സ്) – 12

വൈഭവിന് പുറമെ അര്‍ധ സെഞ്ച്വറി നേടിയ യശസ്വി ജെയ്‌സ്വാള്‍ 27 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 51 റണ്‍സാണ് നേടിയത്. ധ്രുവ് ജുറേല്‍ 16 റണ്‍സിനും മടങ്ങി.

പഞ്ചാബിന് വേണ്ടി വമ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയത് മാര്‍കസ് സ്റ്റോയ്‌നിസും പ്രഭ്‌സിമ്രാന്‍ സിങ്ങുമാണ്. സ്റ്റോയ്‌നിസ് 22 പന്തില്‍ നിന്ന് പുറത്താകാതെ 62 റണ്‍സാണ് അടിച്ചെടുത്തത്. ആറ് സിക്‌സും നാല് ഫോറുമായിരുന്നു താരം നേടിയത്. 281.82 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

ഇന്നിങ്‌സിലെ അവസാന ഓവറില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയാണ് താരം പഞ്ചാബിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. പ്രഭ്‌സിമ്രാന്‍ സിങ് 44 പന്തില്‍ ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 59 റണ്‍സ് നേടിയാണ് മടങ്ങിയത്.

പ്രിയാന്‍ഷ് ആര്യ (11 പന്തില്‍ 29), കൂപ്പര്‍ കനോലി (14 പന്തില്‍ 30), ശ്രേയസ് അയ്യര്‍ (27 പന്തില്‍ 30) എന്നിവരും പഞ്ചാബിന്റെ സ്‌കോര്‍ ഉയര്‍ത്തി.

രാജസ്ഥാന് വേണ്ടി അരങ്ങേറ്റക്കാരന്‍ യാഷ് പുനിയ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Vaibhav Suryavanshi becomes the player to hit the most sixes in the power play in the 2026 IPL

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ