നാല് കൊല്ലത്തേക്ക് ഒരുത്തനും തൊടില്ലെന്ന് പറഞ്ഞ തുടരുമിന്റെ കേരള കളക്ഷന്‍, ഒന്നാം വാര്‍ഷികത്തില്‍ വാഴ 2 തൂക്കി
Malayalam Cinema
നാല് കൊല്ലത്തേക്ക് ഒരുത്തനും തൊടില്ലെന്ന് പറഞ്ഞ തുടരുമിന്റെ കേരള കളക്ഷന്‍, ഒന്നാം വാര്‍ഷികത്തില്‍ വാഴ 2 തൂക്കി
അമര്‍നാഥ് എം.
Saturday, 25th April 2026, 4:26 pm

മലയാളം പോലൊരു കൊച്ച് ഇന്‍ഡസ്ട്രിക്ക് 100 കോടി എന്നത് സ്വപ്‌നമായ കാലത്ത് നിന്ന് ഇപ്പോള്‍ തുടര്‍ച്ചയായ 100 കോടി കളക്ഷനുകള്‍ കൊണ്ട് മറ്റ് ഇന്‍ഡസ്ട്രികള്‍ക്കൊപ്പം തലയുയര്‍ത്തി നില്‍ക്കുകയാണ്. അതിനെക്കാളപ്പുറം കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടാന്‍ മാത്രം മലയാള സിനിമ വളരുകയും ചെയ്തിട്ടുണ്ട്.

കളക്ഷന്‍ റെക്കോഡുകള്‍ ഓരോന്നും സൃഷ്ടിക്കുകയും അത് സ്വയം തിരുത്തുകയും ചെയ്ത് മലയാളസിനിമയെ ഞെട്ടിക്കുന്ന മോഹന്‍ലാലാണ് ഈ റെക്കോഡും ആദ്യമായി നേടിയത്. തുടരും എന്ന ചിത്രത്തിലൂടെ കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടി തന്റെ താരസിംഹാസനം വീണ്ടെടുത്തിരുന്നു. ഈ റെക്കോഡ് ആരും തകര്‍ക്കില്ലെന്ന് കരുതിയിരുന്നപ്പോഴാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയത്.

ഇപ്പോഴിതാ തുടരുമിന്റെ ഒന്നാം വാര്‍ഷികത്തിന്റെ അന്ന് ചിത്രത്തിന്റെ കേരള കളക്ഷന്‍ മറ്റൊരു ചിത്രം മറികടന്നിരിക്കുകയാണ്. പുതുമുഖങ്ങളെ അണിനിരത്തി നവാഗത സംവിധായകന്‍ സവിന്‍ സാ അണിയിച്ചൊരുക്കിയ വാഴ 2 കേരളത്തില്‍ നിന്ന് മാത്രം 119 കോടി നേടിക്കഴിഞ്ഞു. തുടരും നേടിയ 118 കോടിയെ മറികടന്നാണ് വാഴയുടെ ഈ തൂക്കല്‍.

മോഹന്‍ലാലിനല്ലാതെ മറ്റാര്‍ക്കും ഈ റെക്കോഡ് മറികടക്കാന്‍ പ്രയാസമായിരിക്കുമെന്ന് ആരാധകര്‍ അവകാശപ്പെട്ട് ഒരു വര്‍ഷമാകും മുമ്പ് രണ്ടുവട്ടമാണ് ഈ കളക്ഷന്‍ മറികടന്നത്. സ്റ്റാര്‍ഡത്തിനപ്പുറം കണ്ടന്റാണ് മോളിവുഡില്‍ രാജാവെന്ന് വീണ്ടും തെളിയിക്കുന്നതാണ് ഈ രണ്ട് സിനിമകളുടെയും വിജയമെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു.

തുടര്‍പരാജയങ്ങളില്‍ പെട്ട് മോഹന്‍ലാലിന്റെ ബോക്‌സ് ഓഫീസ് പവര്‍ ചോദ്യം ചെയ്യപ്പെടുമ്പോഴായിരുന്നു തുടര്‍ച്ചയായി രണ്ട് ചിത്രങ്ങള്‍ 200 കോടി നേടി മോഹന്‍ലാല്‍ ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചത്. അതില്‍ തുടരും മോഹന്‍ലാല്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് ട്രീറ്റായിരുന്നു. മോഹന്‍ലാലിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച ചിത്രമായിരുന്നു തുടരും.

അതേ സമയം മോഹന്‍ലാലിന്റെ സ്റ്റാര്‍ഡം എത്രമാത്രം വലുതാണെന്ന് പറയുന്ന പോസ്റ്റുകളും ശ്രദ്ധ നേടുന്നുണ്ട്. പുലിമുരുകന്‍ കേരളത്തില്‍ നിന്ന് നേടിയ 84 കോടി എന്ന കളക്ഷന്‍ വെറും നാല് കോടിയുടെ മാര്‍ജിനിലാണ് 2018 മറികടന്നത്. എന്നാല്‍ 2018നെ 30 കോടിയുടെ വ്യത്യാസത്തിലാണ് തുടരും മറികടക്കുന്നതെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

മൂന്ന് കോടിയുടെ വ്യത്യാസത്തിലാണ് തുടരുമിനെ മറികടന്ന് ലോകഃ ഇന്‍ഡസ്ട്രി ഹിറ്റായത്. വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റാകുമ്പോഴും മൂന്നോ നാലോ കോടിയുടെ വ്യത്യാസം മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും ജിതേഷ് ഈരാളിയെന്ന ഐ.ഡി അഭിപ്രായപ്പെട്ടു. അടുത്ത ഇന്‍ഡസ്ട്രി ഹിറ്റ് മോഹന്‍ലാല്‍ സ്വന്തമാക്കുമ്പോള്‍ മിനിമം 20 കോടിയുടെ വ്യത്യസമെങ്കിലും ഉണ്ടാകുമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Vaazha 2 crossed Thudarum movie Kerala Collection on its first anniversary

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം