തിരുവനന്തപുരം: കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയത്തിനെതിരെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് പരാതി നല്‍കി. കേന്ദ്രകമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയുടെ അന്തസത്ത ഉള്‍ക്കൊള്ളുന്നതല്ല പ്രമേയമെന്ന് അച്യുതാനന്ദന്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. []
എല്ലാ പി.ബി അംഗങ്ങള്‍ക്കും വി.എസ് പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസ് ഉന്നയിച്ച പരാതികള്‍ പ്രത്യയശാസ്ത്രപരമല്ലെന്നും വിഭാഗീയതയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും കേന്ദ്ര കമ്മിറ്റി പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു.
പരസ്യമായി തെറ്റ് ഏറ്റുപറയുമെന്ന് പാര്‍ട്ടി പത്രത്തിലൂടെ പ്രസിദ്ധപ്പെടുത്തിയതില്‍ വി.എസ് അച്യുതാനന്ദന്‍ കടുത്ത അമര്‍ഷമാണ് രേഖപ്പെടുത്തിയത്.
തനിക്ക് പറ്റിയ തെറ്റ് കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും വി.എസ് അച്യുതാനന്ദന്‍ ഏറ്റുപറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം വി.എസ് ജനങ്ങളോടും തുറന്ന് പറയുമെന്ന് പ്രമേയത്തില്‍ ഉള്‍പ്പെടുത്തി അത് പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ചതിലാണ് വി. എസ് പരാതി നല്‍കിയത്. പാര്‍ട്ടി പത്രത്തില്‍ വന്ന പ്രമേയം അതേപടി കേന്ദ്രകമ്മിറ്റി അംഗീകരിച്ചതല്ലെന്നും വി.എസ് പരാതിയില്‍ പറഞ്ഞു.
കേന്ദ്രകമ്മിറ്റിയുടെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രമേയം തയ്യാറാക്കാന്‍ പൊളിറ്റ്ബ്യൂറോയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതില്‍ പലഭാഗങ്ങളും ഒഴിവാക്കപ്പെട്ടതായും ചിലത് കൂട്ടിച്ചേര്‍ത്തതുമാണെന്ന് വി.എസ് പരാതിയില്‍ പറഞ്ഞു. തനിക്ക് പറ്റിയ തെറ്റ് ജനങ്ങളോട് തന്നെ ഏറ്റ് പറയാന്‍ തയ്യാറാണെന്ന് വി.എസ് കേന്ദ്രകമ്മിറ്റിയില്‍ പറഞ്ഞ കാര്യം പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിശദീകരണം. താന്‍ പരസ്യമായി തെറ്റ് ഏറ്റു പറയുമെന്ന് പാര്‍ട്ടി പത്രം പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഇനി അതിന്റെ ആവശ്യമില്ലെന്നാണ് വി.എസിന്റെ നിലപാടെന്നറിയുന്നു.
അതേസമയം പാര്‍ട്ടി മുഖപത്രമായ “ദേശാഭിമാനി”പ്രസിദ്ധീകരിച്ചത് കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ രൂപമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേന്ദ്രകമ്മിറ്റി നിര്‍ദേശമനുസരിച്ച് പോളിറ്റ് ബ്യൂറോ തയാറാക്കിയതാണ് പ്രമേയം. ഇതിന്റെ പൂര്‍ണ രൂപമാണ് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചതെന്നും കാരാട്ട് വ്യക്തമാക്കി.
