ആലപ്പുഴ: വൈദ്യുതി നിരക്ക് വര്‍ധന താങ്ങാനാവാത്തതാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. നിരക്ക് വര്‍ധന പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. []

സാധാരാണക്കാര്‍ക്ക് നിലവിലെ നിരക്ക് താങ്ങാനാവില്ല. പൊതുവെ വിലക്കയറ്റം നേരിടുന്ന സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് കൂടി കൂട്ടിയത് ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.

ഇത്രയും വലിയ ആഘാതം താങ്ങാനുള്ള കരുത്ത് കേരളത്തിലെ ജനങ്ങള്‍ക്കില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുമ്പോള്‍ കേരളത്തില്‍ അധിക നികുതി ഒഴിവാക്കി കൊടുക്കുന്നത് ഇവിടത്തെ ജനങ്ങള്‍ക്ക് വര്‍ധന താങ്ങാനാവാത്തതിനാലാണ്.

സര്‍ക്കാരിന്‌ പരിമിതികള്‍ ഉണ്ടാകാം. എന്നാല്‍, വൈദ്യുതി ഉപഭോഗം കുറച്ചും കുടിശിക പിരിച്ചും വൈദ്യുതി മോഷണം തടഞ്ഞും കൃത്യമായി നീങ്ങിയാല്‍ ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കാനാവുമെന്നും സുധീരന്‍ പറഞ്ഞു. കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് ഉത്തരമേഖല യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുധീരന്‍.

അതേസമയം വൈദ്യുതി നിരക്ക് വര്‍ധന അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി കെ.എം.മാണി. പറഞ്ഞു. നിരക്ക് വര്‍ധന പിന്‍വലിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് മന്ത്രിസഭയാണ്. അപ്പോള്‍ അതില്‍ അഭിപ്രായം പറയുന്നത് ശരിയല്ല.

ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത വിധത്തില്‍ വൈദ്യുതിനിരക്ക് കൂട്ടുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യുമെന്നും മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.