ടെഹ്‌റാന്‍: യു.എസ് പുതുതായി പ്രഖ്യാപിച്ച സാമ്പത്തിക-വ്യാപാര ഉപരോധങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍. ഉപരോധങ്ങള്‍ ഇറാനിലെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ ബാധിക്കുന്നതാണെന്നും ഇത് സാമ്പത്തിക ഭീകരതയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ദീര്‍ഘകാലമായി ഇറാനെതിരായ യു.എസ് നടത്തുന്ന സമ്മര്‍ദനയത്തിന്റെ തുടര്‍ച്ചയാണ് പുതിയ നടപടികളെന്നും മന്ത്രാലയം കുറ്റപ്പെടുത്തിയതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉപരോധങ്ങള്‍ സാധാരണ ജനങ്ങളെയാണ് കൂടുതല്‍ ബാധിക്കുകയെന്നും ഇറാന്റെ വിദേശ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരം നടപടികള്‍ക്ക് ഉത്തരവാദികളായവരെ നിയമപരമായി വിചാരണ ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
‘ഓരോ ഇറാന്‍ പൗരന്റെയും അടിസ്ഥാന മനുഷ്യാവകാശങ്ങളെ ലക്ഷ്യം വച്ചുള്ള ഇറാനെതിരായ യു.എസ് സാമ്പത്തിക ഉപരോധങ്ങള്‍ സാമ്പത്തിക ഭീകരതയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമായി കണക്കാക്കപ്പെടുന്നു. ഇതിന്റെ ഉത്തരവാദികള്‍ ശിക്ഷ നേരിടേണ്ടിവരും,’ മന്ത്രാലയം അറിയിച്ചു.
ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനാണ് യു.എസ് നീക്കമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് കൂട്ടിച്ചേര്‍ത്തു.
ഇറാനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കും സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
‘യു.എസ് നയരൂപീകരണക്കാര്‍ ഇറാനിലെ ജനതയോട് 73 വര്‍ഷമായി ശത്രുത തുടരുകയാണ്. യു.എസ് സര്‍ക്കാരിന്റെ മനുഷ്യവിരുദ്ധവും നിയമവിരുദ്ധവും ആധിപത്യ സ്വഭാവവും പ്രകടമാക്കുന്നതാണ് പുതിയ ഉപരോധങ്ങള്‍,’ ഇറാന്‍ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
ഇറാന്റെ സാമ്പത്തിക ശേഷി തകര്‍ക്കുകയും ഭരണകൂടത്തിനുമേല്‍ സമ്മര്‍ദം ശക്തമാക്കുകയുമാണ് യു.എസ് നീക്കത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ യു.എസ്-ഇറാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയും ഉയര്‍ന്നിട്ടുണ്ട്.
Content Highlights: US sanctions are a crime against humanity’; Iran levels sharp criticism.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.