rosolie
ന്യൂയോര്‍ക്ക്: വന സംരക്ഷണത്തിനായി ലോകത്തിലെ ഭീമാകാരനായ പാമ്പിന്റെ വയറിലേക്കൊരു സഞ്ചാരം നടത്തുക തിരിച്ച് പുല്ലു പോലെ ഇറങ്ങി പോരുക. അവിശ്വസനീയമായ കാര്യങ്ങള്‍ നടത്തിക്കാണിച്ച് തന്നിരിക്കുകയാണ് പോള്‍ റോസോലി എന്ന യു.എസ് പ്രകൃതി ശാസ്ത്രഞ്ജന്‍. ആമസോണ്‍ മഴക്കാടുകള്‍ സംരക്ഷിക്കുന്നതിന്റ ആവശ്യകത ബോധ്യപ്പെടുത്താനാണ് പോള്‍ ഡിസ്‌കവറി ചാനലിനായി ഇത്തരത്തിലൊരു സാഹസത്തിന് മുതിര്‍ന്നത്.

അറുപതോളം ദിവസങ്ങള്‍ക്ക് തിരച്ചിലുകള്‍ക്ക് ശേഷം ആമസോണ്‍ കാടുകളില്‍ നിന്ന് കണ്ടെടുത്ത 20 അടി നീളമുള്ള പെണ്‍ പാമ്പിനെയാണ് പോളിനെ വിഴുങ്ങാനായി തിരഞ്ഞെടുത്തിരുന്നത്. പ്രത്യേകമായ സ്യൂട്ടണിഞ്ഞ് കൊണ്ട് ശ്വസന സംവിധാനങ്ങള്‍, ആശയ വിനിമയത്തിനായി ക്യാമറ മറ്റു സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയാണ് പോള്‍ പാമ്പിനടുത്തേക്ക് നടന്നടുത്തത്.

തുടക്കത്തില്‍ ഒന്നും ചെയ്യാതിരുന്ന ആനക്കോണ്ട പോള്‍ ഉപദ്രവിച്ചതോടെ അദ്ദേഹത്തെ വിഴുങ്ങുകയായിരുന്നു. പോളിന്റെ തലയായിരുന്നു ആദ്യമായി പാമ്പ് വായ്ക്കകത്താക്കിയിരുന്നത്. തുടര്‍ന്ന് ഏകദേശം ഒരു മണിക്കൂറോളമാണ് പോള്‍ ആനക്കോണ്ടയുടെ വയറ്റില്‍ കിടന്നത്. ഇതിനിടയില്‍ പോള്‍ പുറത്തുള്ള സഹായികളുമായി ആശയ വിനിമയം നടത്തുന്നുണ്ടായിരുന്നു.

പോള്‍ എങ്ങനെ പുറത്ത് കടന്നു എന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അതേ സമയം ആനക്കോണ്ടയും പോളും സുഖമായിരിക്കുന്നു എന്നാണ് അറിയുന്നത്. “ഈറ്റണ്‍ എലൈവ്”  എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാം കഴിഞ്ഞ ദിവസം അമേരിക്കയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യയുള്‍പടെയുള്ള രാജ്യങ്ങളില്‍ വരും ദിവസങ്ങളിലാകും പരിപാടി പ്രക്ഷേപണം ചെയ്യുക.