ന്യൂദല്‍ഹി: ജമ്മു കശ്മീരിനെ ഇന്ത്യയുടെ പ്രധാനപ്പെട്ട ഭാഗമെന്ന് വിശേഷിപ്പിച്ച് യു.എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍. ഗോറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ അമേരിക്കയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി. ഇസ്‌ലാമാബാദിലെ യു.എസ് ചാര്‍ജ് ഡി അഫയേഴ്സ് നതാലി ബേക്കറെയാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്.
ഇന്നലെ ജമ്മു കശ്മീരിലെത്തിയ സെര്‍ജിയോ ഗോര്‍ ആദ്യമായാണ് ശ്രീനഗറില്‍ സന്ദര്‍ശനം നടത്തിയത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. ‘ജമ്മു കശ്മീര്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട ഭാഗമാണമന്നും ഈ പ്രദേശം അതിമനോഹരമാണെന്നും ആദ്യ സന്ദര്‍ശനത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
‘ ഇവിടെ വരാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഇത് ഇന്ത്യയുടെ പ്രധാനഭാഗമാണ്. ആദ്യമായാണ് ഞാന്‍ ഇവിടെ സന്ദര്‍ശനം നടത്തുന്നത്. അവിശ്വസനീയമാംവിധം മനോഹരമായ ഒരു സ്ഥലമാണ് ജമ്മു കാശ്മീര്‍,’ ഗോര്‍ പറഞ്ഞു.
ഗോറിന്റെ പ്രസ്താവന പാകിസ്ഥാന്‍ ശക്തമായി തള്ളി. ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമെന്ന് വിശേഷിപ്പിച്ചത് വസ്തുതാപരമായി തെറ്റാണെന്നും ഉത്തരവാദിത്തമില്ലാത്തതാണെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കശ്മീര്‍ വിഷയത്തില്‍ യു.എസിന് നിലനിന്നിരുന്ന സമീപനത്തില്‍നിന്ന് ഗോറിന്റെ പരാമര്‍ശം വ്യത്യസ്തമാണെന്നും പാകിസ്ഥാന്‍ വിദേശ ഉദ്യോഗസ്ഥര്‍ ആരോപിച്ചു.
ശ്രീനഗര്‍ സന്ദര്‍ശനത്തിനിടെ ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യവും ഗോര്‍ വിലയിരുത്തി. മേഖലയില്‍ സുരക്ഷ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് സൂചിപ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലേക്കുള്ള അമേരിക്കയുടെ നിലവിലെ യാത്രാ മുന്നറിയിപ്പ് പുനപരിശോധിക്കുമെന്നും ഗോര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. മുന്നറിയിപ്പ് കുറയ്ക്കുന്നതിനെക്കുറിച്ച് അമേരിക്ക ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുമായുള്ള കൂടിക്കാഴ്ചയില്‍ ജമ്മു കശ്മീരിലെ സാമ്പത്തിക സഹകരണം, ഇന്ത്യ-അമേരിക്ക ബന്ധം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. കശ്മീരില്‍ സാമ്പത്തിക അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുമുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തതായി ഇരുരാജ്യങ്ങളും പറഞ്ഞു.
ഗോറിന്റെ പരാമര്‍ശത്തിന് പിന്നാലെ പാകിസ്ഥാന്‍ നടത്തിയ ഔദ്യോഗിക പ്രതിഷേധം ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തില്‍ കശ്മീര്‍ വിഷയത്തിന്റെ ഇപ്പോഴും നിലനില്‍ക്കുന്ന നയതന്ത്ര പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കശ്മീരിന്റെ അന്തിമ പദവിയെക്കുറിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കത്തിനിടെയാണ് അമേരിക്കന്‍ അംബാസഡറുടെ ഇത്തരമൊരു പ്രസ്താവന പുറത്തുവന്നത്.
Content Highlights: US Ambassador calls Jammu & Kashmir an integral part of India; Pakistan voices strong criticism.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.