എന്തോന്നാ ഇങ്ങനെ പ്രാന്ത് കാണിക്കുന്നത് എന്ന് ഞാൻ രഘുവരൻ ചേട്ടനോട് ചോദിച്ചു: ഉർവശി
malayalam movie
എന്തോന്നാ ഇങ്ങനെ പ്രാന്ത് കാണിക്കുന്നത് എന്ന് ഞാൻ രഘുവരൻ ചേട്ടനോട് ചോദിച്ചു: ഉർവശി
നന്ദന. ടി
Wednesday, 19th August 2026, 5:00 pm

മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലായി തനതായ ഹാസ്യശൈലിയിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടിയാണ് ഉർവശി. കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ താരം, മീഡിയ വൺ ഷോ മാളിന് മുമ്പ് നൽകിയ അഭിമുഖത്തിൽ, നടൻ രഘുവരനുമൊത്ത് 1990 ൽ സംഗീത് ശിവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വ്യൂഹം എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുള്ള ഓർമകൾ പങ്കുവെക്കുകയാണ്.

വ്യൂഹം സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം, സീനിൽ അഭിനയിക്കുകയല്ലായിരുന്നിട്ടു പോലും താൻ അതിന്റെ തയ്യാറെടുപ്പിലാണെന്ന് പറഞ്ഞ്, അടുത്ത് ചെന്ന  തന്നോട് സംസാരിക്കാൻ കൂട്ടാക്കാതിരുന്ന നടൻ രഘുവരനുമായുള്ള അനുഭവം ഓർത്തെടുക്കുകയാണ് ഉർവശി.

ഉർവശി. Photo. Screen grab/ Youtube

‘സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും ഞാൻ ഒരു ചേട്ടനെ പോലെ കാണുന്നതുമായ നടനാണ് രഘുവരൻ. ഞങ്ങൾ ഒരുമിച്ച് ‘വ്യൂഹം’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത്, എറണാകുളത്തെ ഒരു ഹോസ്പിറ്റലിലായിരുന്നു ആദ്യ ദിവസത്തെ ഷൂട്ട്.

ഞാൻ സെറ്റിൽ എത്തിയപ്പോൾ അദ്ദേഹത്തെ കണ്ട് രഘുച്ചേട്ടാ, സുഖമല്ലേ’ എന്നൊക്കെ ചോദിച്ച് അടുത്ത് ചെന്നപ്പോൾ, ആ, സുഖമായിരിക്കുന്നു മോളെ. കുറച്ചു സമയം കാത്തിരിക്കൂ, ഞാൻ ഇപ്പോൾ സീനിലാണ് എന്ന് അദ്ദേഹം പറഞ്ഞു. ചേട്ടന്റെ സ്വഭാവം എനിക്ക് മുൻപേ അറിയാം. എങ്കിലും ഞാൻ അദ്ദേഹത്തോട് ചോദിച്ചു, സീനിലാണെങ്കിലും എന്താ ഇപ്പോൾ ക്യാമറയിലൊന്നും എടുക്കുന്നില്ലല്ലോ, സംസാരിച്ചൂടെ എന്ന്.

ഒരു സീൻ എടുക്കുന്നതിന് മുമ്പ് തന്നെ രഘുവരൻ നടത്തുന്ന ചില തയ്യാറെടുപ്പുകൾ കണ്ട് ചേട്ടൻ എന്തോന്നാ ഈ ഭ്രാന്ത് കാണിക്കുന്നത് എന്ന് ചോദിച്ചതിനെക്കുറിച്ചും ഉർവശി തുറന്നുപറഞ്ഞു.

‘സിനിമയിലെ തോക്ക് വെച്ച് വെടിവെക്കുന്നതോ മറ്റോ സീൻ അന്ന് ആ സമയം എടുത്തോണ്ടിരുന്നത്. ഞാൻ നോക്കുമ്പോൾ അദ്ദേഹം ഫൈറ്റ് മാസ്റ്ററുടെ അടുത്ത് നിന്നും തോക്ക് വാങ്ങി വെച്ച് എന്തൊക്കെയോ ആക്ഷൻസ് സ്വയം കാണിച്ചു നടക്കുകയാണ്. ഞാൻ മാറിയിരുന്ന് ഇതൊക്കെ നോക്കിക്കൊണ്ട് ചിരിക്കുകയായിരുന്നു.

അത് കണ്ട് അദ്ദേഹം എന്നോട് എന്താ മോളെ ചിരിച്ചത്’ എന്ന് ചോദിച്ചു. ഞാൻ ചോദിച്ചു, എന്തോന്നാ ഇങ്ങനെ ഭ്രാന്ത് കാണിക്കുന്നത്, അവർ ഷോട്ട് എടുക്കുമ്പോൾ ഇതൊക്കെ കാണിച്ചാൽ പോരേ എന്ന്. അപ്പോൾ തന്നെ അദ്ദേഹം ഇല്ല, അങ്ങനെയൊന്നും എനിക്ക് പറ്റില്ല. നീ വേറെ റൂമിൽ പോയി ഇരിക്ക്. എനിക്ക് കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല, ഞാൻ ഇപ്പോൾ ആ കഥാപാത്രത്തിന്റെ മൂഡിലാണ്’ എന്ന് പറഞ്ഞു, നടി പറഞ്ഞു.

സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നത് വരെ രഘുവരന്റെ ഈ തയ്യാറെടുപ്പുകളെക്കുറിച്ച് താൻ കളിയാക്കുമായിരുന്നു എന്നും ഉർവശി പറഞ്ഞു.

‘ആ സിനിമ കഴിയും വരെ ഞാൻ ചേട്ടനെ കളിയാക്കുമായിരുന്നു, രഘുച്ചേട്ടാ, നാളെ എന്നെ വല്ലതും ഇടിക്കുന്ന ഷോട്ട് ആണോ, എന്നാൽ ഞാൻ ടേക്കിന്റെ സമയത്തേ വരികയുള്ളൂ എന്ന്. അപ്പോൾ ഒരു കഥാപാത്രത്തെ അത്രയും ഉൾക്കൊണ്ട് അഭിനയിക്കുന്ന ആർട്ടിസ്റ്റുകളും ഉണ്ടെന്ന്‌ പറയുകയാണ്,’ ഉർവശി പറഞ്ഞു.

വ്യൂഹം. Photo. Sree movie

Content Highlight: Urvashi sharing her memory with actor Raghuvaran in Vyooham movie

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം