അണ്ടര്‍ 19 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനല്‍ മത്സരം സഹാറ പാര്‍ക് വില്ലോമൂര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 180 റണ്‍സിന്റെ ദുര്‍ബലമായ ടോട്ടലാണ് ഓസ്‌ട്രേലിയക്ക് മുമ്പില്‍ വെച്ചത്.

ക്യാപ്റ്റന്‍ സാദ് ബായ്ഗ് അടക്കം നിറം മങ്ങിയ മത്സരത്തില്‍ അസാന്‍ അവായിസിന്റെയും അറാഫത് മിന്‍ഹാസിന്റെയും അര്‍ധ സെഞ്ച്വറികളാണ് പാകിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. അവായിസ് 91 പന്തില്‍ 52 റണ്‍സ് നേടി പുറത്തായപ്പോള്‍ 61 പന്തില്‍ 52 റണ്‍സടിച്ചാണ് മിന്‍ഹാസ് മടങ്ങിയത്. ഏഴ് താരങ്ങളാണ് പാകിസ്ഥാന്‍ നിരയില്‍ ഒറ്റയക്കത്തിന് ഔട്ടായി തിരിച്ചുനടന്നത്.

മത്സരത്തില്‍ പാകിസ്ഥാന്റെ മുന്‍നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നിരുന്നു. പാകിസ്ഥാന്‍ വിക്കറ്റുകള്‍ വീഴുമ്പോഴുള്ള ഇന്ത്യന്‍ താരങ്ങളുടെ റിയാക്ഷനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സൈഡ് ലൈനില്‍ കളി കാണവെ പാക് വിക്കറ്റുകള്‍ നിലംപൊത്തുമ്പോള്‍ നിരാശരായിരിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ വീഡിയോ ഐ.സി.സി പങ്കുവെച്ചിരിക്കുകയാണ്.

എങ്ങനെയാണ് പാക് താരങ്ങള്‍ ഔട്ടായതെന്നും ആ പന്ത് എങ്ങനെ കളിക്കണമെന്നുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ വിശകലനം ചെയ്യുന്നതും വീഡിയോയിലുണ്ട്.