ഇനിയും വൈകിക്കൂടാ! എ.ഐയെ നിയന്ത്രിക്കാന്‍ യു.എന്‍; ലോകരാജ്യങ്ങളോട് അടിയന്തിരമായി ഒന്നിക്കാന്‍ ഗുട്ടെറസ്
World News
ഇനിയും വൈകിക്കൂടാ! എ.ഐയെ നിയന്ത്രിക്കാന്‍ യു.എന്‍; ലോകരാജ്യങ്ങളോട് അടിയന്തിരമായി ഒന്നിക്കാന്‍ ഗുട്ടെറസ്
ആദര്‍ശ് എം.കെ.
Wednesday, 1st July 2026, 10:06 pm

 

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ) സുരക്ഷിതമായ ഉപയോഗത്തിനായി ലോകരാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് എത്രയും വേഗം പൊതുവായ നിയമങ്ങള്‍ രൂപീകരിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.

സാങ്കേതികവിദ്യയുടെ ഭാവി മനുഷ്യന്റെ നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്താംബൂളില്‍ എ.ഐയുമായി ബന്ധപ്പെട്ട് നടന്ന ഒരു അന്താരാഷ്ട്ര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.ഐ സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്ക് മേല്‍നോട്ടമില്ലെങ്കില്‍ അത് വലിയ ദോഷങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്ക ആഗോള നേതാക്കള്‍ പങ്കുവെക്കുന്ന പശ്ചാത്തലത്തിലാണ് യു.എന്‍ മേധാവിയുടെ ഈ ആഹ്വാനം.

ഈ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ പ്രധാന സംരംഭമായ ‘ഇന്‍ഡിപെന്‍ഡന്റ് സയന്റിഫിക് പാനല്‍ ഓണ്‍ എഐ’ (Independent Scientific Panel on AI) അദ്ദേഹം ചടങ്ങില്‍ അവതരിപ്പിച്ചു.

ലോകമെമ്പാടുമുള്ള പ്രഗത്ഭരായ 40 വ്യക്തികള്‍ ഉള്‍പ്പെടുന്നതാണ് ഈ പാനല്‍. എ.ഐയെക്കുറിച്ചുള്ള ആഗോള അറിവിലെ വിടവുകള്‍ നികത്തുന്നതിനും, സാമ്പത്തിക-സാമൂഹിക മേഖലകളില്‍ ഈ സാങ്കേതികവിദ്യ ഉണ്ടാക്കുന്ന യഥാര്‍ത്ഥ സ്വാധീനം വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിനുമുള്ള ആദ്യത്തെ ആഗോള സ്വതന്ത്ര ശാസ്ത്ര സമിതിയാണിത്.

എ.ഐയെക്കുറിച്ചുള്ള വസ്തുതകളെ വ്യാജങ്ങളില്‍ നിന്നും പക്ഷപാതപരമായ വിവരങ്ങളില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ ഈ പാനല്‍ ലോകത്തെ സഹായിക്കുമെന്ന് ഗുട്ടെറസ് പറഞ്ഞു.

ആരോഗ്യ പരിപാലനം, പട്ടിണി നിര്‍മാര്‍ജനം, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ പുരോഗതി കൈവരിക്കാനുള്ള ശക്തമായ ഇന്ധനമായി എ.ഐ പ്രവര്‍ത്തിക്കും. എന്നാല്‍ പൊതുവായ നിയമങ്ങളില്ലാതെ എഐ സാങ്കേതികവിദ്യ വികസിക്കുന്നത് തുടര്‍ന്നാല്‍, അതിന്റെ ഫലങ്ങളില്‍ സര്‍ക്കാരുകള്‍ക്കും ജനങ്ങള്‍ക്കും കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയില്ല. ഇതുകൊണ്ട് തന്നെ ഒട്ടും വൈകാതെ നിയമങ്ങള്‍ രൂപീകരിക്കാന്‍ അദ്ദേഹം രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

എ.ഐ സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ഈ പാനലിന്റെ പ്രവര്‍ത്തനങ്ങളും തുടരുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അടുത്ത ആഴ്ച ജനീവയില്‍ ലോകരാജ്യങ്ങള്‍ പങ്കെടുക്കുന്ന ‘ഗ്ലോബല്‍ ഡയലോഗ് ഓണ്‍ എ.ഐ ഗവേണന്‍സ്’ (Global Dialogue on AI Governance) നടക്കും.

വിവിധ രാജ്യങ്ങളെ ഈ സാങ്കേതികവിദ്യ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുന്നതിനും, എ.ഐയുടെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും പങ്കിടുന്നതിനുമുള്ള കൃത്യമായ നിര്‍ദേശങ്ങള്‍ ഉടന്‍ സമര്‍പ്പിക്കുമെന്നും അന്റോണിയോ ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.

 

Content highlight: UN chief urges countries to implement joint AI laws immediately.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.