ലണ്ടന്‍: കിഴക്കന്‍ ജറുസലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ലണ്ടനിലെ ഇസ്രായേല്‍ എംബസിയില്‍ നിന്നുള്ള 27 നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് ഇസ്രായേലിന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. ഇസ്രഈലി മാധ്യമങ്ങളാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ബ്രിട്ടീഷ് അംബാസഡര്‍ സൈമണ്‍ വാള്‍ട്ടേഴ്സ് ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയതായി തിങ്കളാഴ്ച വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം എട്ടിനകം ജറുസലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് അടച്ചുപൂട്ടാന്‍ ഇസ്രഈല്‍ ഉത്തരവിട്ടിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനെതാരായ പ്രതികാര നടപടിയെന്ന നിലയിലായിരുന്നു ഇത്.
ജെറുസലേമിലെ കോണ്‍സുലേറ്റില്‍ 27 ബ്രിട്ടീഷ് നയതന്ത്രജ്ഞരാണുള്ളത്. കോണ്‍സുലേറ്റ് അടച്ചുപൂട്ടിയാല്‍ സേവനം അവസാനിപ്പിക്കേണ്ടി വരുന്ന ഈ ഉദ്യോഗസ്ഥര്‍ക്ക് പകരം ലണ്ടനിലെ ഇസ്രഈല്‍ എംബസിയിലെ 27 നയതന്ത്രജ്ഞരെ പുറത്താക്കാനാണ് ബ്രിട്ടന്റെ തീരുമാനം.
പലസ്തീന്‍ ജനതയുമായി ബന്ധപ്പെട്ട നയതന്ത്ര വിഷയങ്ങളാണ് കിഴക്കന്‍ ജെറുസലേമിലെ ബ്രിട്ടിഷ് എംബസി കൈകാര്യം ചെയ്യുന്നത്. കോണ്‍സുലേറ്റ് അടച്ചുപൂട്ടാനുള്ള നടപടിയില്‍ നിന്ന് പിന്‍മാറാന്‍ ഇസ്രഈല്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതിനായി ബ്രിട്ടന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥന്‍ പവല്‍ കഴിഞ്ഞ ആഴ്ച ടെല്‍ അവീവിലേക്ക് പോയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങളുമായുള്ള വ്യാപാരം നിരോധിക്കാനുള്ള ബ്രിട്ടന്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന് തിരിച്ചടിയായാണ് കോണ്‍സുലേറ്റ് അടച്ചുപൂട്ടുന്നതടക്കമുള്ള പ്രതികാര നടപടികള്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിദിയോണ്‍ സആര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്.
കോണ്‍സുലേറ്റ് അടച്ചുപൂട്ടുന്നതും അവിടുത്തെ ഉദ്യോഗസ്ഥരുടെ നയതന്ത്ര പദവി റദ്ദാക്കുന്നതും ഈ മാസം എട്ട് മുതല്‍ പ്രാബല്യത്തില്‍ വരും.
കോണ്‍സുലേറ്റ് പൂട്ടാന്‍ ഉത്തരവിട്ടതതിന് പുറമെ ബ്രിട്ടനിലെ ഇസ്രഈല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന എം.പിമാര്‍ക്കെതിരെ പ്രവേശന വിലക്കും ഗിദിയോണ്‍ സആര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍, യുവര്‍ പാര്‍ട്ടി എം.പി. സാറാ സുല്‍ത്താന, ലേബര്‍ എം.പിമാരായ ഡയാന്‍ ആബട്ട്, നാസ് ഷാ, ജോണ്‍ മക്ഡൊണല്‍, റിച്ചാര്‍ഡ് ബര്‍ഗണ്‍, ഗ്രീന്‍ പാര്‍ട്ടി എം.പിമാരായ ഹന്ന സ്പെന്‍സര്‍, കാര്‍ല ഡെന്യര്‍, സിയാന്‍ ബെറി, എല്ലി ചൗണ്‍സ് എന്നിവരുള്‍പ്പെടെ ബ്രിട്ടനിലെ മിക്ക ഇടതുപക്ഷ എം.പിമാര്‍ക്കും ഇസ്രഈല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചതിനെതിരായ ഇസ്രഈലിന്റെ പ്രതികാര നടപടികളെ ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡ് അന്ന് അപലപിച്ചിരുന്നു.
ഇസ്രഈല്‍ നടപടി നശീകരണപരമാണെന്നും അതില്‍ പിന്നീട് അവര്‍ ഖേദിക്കേക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം പ്രതികാര നടപടികള്‍ തങ്ങള്‍ പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: UK threatens to expel 27 Israeli diplomats over Jerusalem consulate closure: Report
