റോം: അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് പോപ്പ് ലിയോ പതിനാലാമൻ. ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണങ്ങളും പ്രദേശത്തെ സംഘർഷങ്ങളും തുടരുന്നതിനിടെയാണ് പോപ്പിന്റെ പ്രതികരണം.
റോമിന് സമീപമുള്ള കാസ്റ്റൽ ഗാൻഡോൽഫോയിലെ വസതിയിൽ സംസാരിക്കവെ, ‘നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനായി ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് പുരോഗതി ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണം’ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വെസ്റ്റ് ബാങ്കിൽ ഇസ്രഈലി കുടിയേറ്റക്കാർ ഫലസ്തീനികൾക്കെതിരായ ആക്രമണങ്ങൾ ശക്തമാക്കിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പോപ്പിന്റെ പരാമർശം. അധിനിവേശ വെസ്റ്റ് ബാങ്കിലെ നാബ്ലുസിന് തെക്കുകിഴക്കുള്ള ഖുസ്‌റ ഗ്രാമത്തിൽ ഫലസ്തീൻ കുടുംബങ്ങളുടെ വീടുകൾക്ക് നേരെ ഇസ്രഈലി കുടിയേറ്റക്കാർ ദിവസങ്ങളോളം അക്രമം നടത്തി വരികയാണ്.
നിരവധി മാസങ്ങളായി സമീപത്തെ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഇസ്രഈലി കുടിയേറ്റക്കാർ മൂന്ന് ഫലസ്തീൻ കുടുംബങ്ങളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്തുവരുന്നതായാണ് റിപ്പോർട്ട്. ഓഗസ്റ്റ് ഒമ്പത് മുതൽ കുടുംബങ്ങൾ വീടുകളിൽ തന്നെ കഴിയാൻ നിർബന്ധിതരായതായും ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ ക്ഷാമം നേരിടുന്നുണ്ട്. കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും കുടുംബങ്ങൾക്ക് ലഭ്യമല്ലാത്ത സാഹചര്യമാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി വെസ്റ്റ് ബാങ്കിൽ കുടിയേറ്റക്കാരുടെ അതിക്രമങ്ങളിലും സംഘർഷങ്ങളിലും വലിയ വർധനവുണ്ടായിട്ടുണ്ട്. ഇതോടൊപ്പം ഇസ്രഈലി കുടിയേറ്റ കേന്ദ്രങ്ങളുടെ വ്യാപനവും തുടരുകയാണ്.
തെക്കൻ ഇറ്റാലിയൻ നഗരമായ ടറന്റോയിൽ ആരംഭിച്ച മെഡിറ്ററേനിയൻ ഗെയിംസിനെയും പോപ്പ് പരാമർശിച്ചു. ഈ കായികമേള ‘ഈ മേഖലയിലെയും ലോകമെമ്പാടുമുള്ള ജനങ്ങൾക്കിടയിലെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രവചനാത്മക അടയാളമായി’ മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.