ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ്, സാന്‍ ഡിയാഗോ നഗരങ്ങളെക്കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ നടത്തിയ പ്രസ്താവന രാജ്യദ്രോഹപരമാണെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം. ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ച് സംസാരിക്കവെ, ‘അവര്‍ ലോസ് ആഞ്ചലസും സാന്‍ ഡിയാഗോയും തകര്‍ക്കട്ടെ’ എന്ന് ട്രംപ് പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരെയാണ് ഇപ്പോള്‍ പ്രതിഷേധം ഉയരുന്നത്.
ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി നെബ്രാസ്‌കയില്‍ സംസാരിക്കുമ്പോഴാണ് ട്രംപ് ഈ നഗരങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്. നഗരങ്ങളെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് അകത്തുനിന്ന് തന്നെ വിമര്‍ശനം ഉയരുന്നുണ്ട്.
ട്രംപിന്റെ പരാമര്‍ശം വിവേകശൂന്യവും അപകടകരവും ആണെന്ന് ഗാവിന്‍ ന്യൂസോം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ രാജ്യദ്രോഹപരം ആയിരുന്നെന്നും മറ്റൊരു പോസ്റ്റില്‍ ന്യൂസോം പറഞ്ഞു.
ലോസ് ആഞ്ചലസ്, സാന്‍ ഡിയാഗോ എന്നീ വലിയ രണ്ട് നഗരങ്ങളെയും അമേരിക്കയിലെ ഏറ്റവും വലിയ നാവിക കേന്ദ്രങ്ങളിലൊന്നിനെയും ആക്രമണത്തിനുള്ള ലക്ഷ്യസ്ഥാനങ്ങളാക്കി മാറ്റുന്നവയാണ് ട്രംപിന്റെ പ്രസ്താവനയെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ന്യൂസോം അഭിപ്രായപ്പെട്ടു.
‘പ്രസിഡന്റിന്റെ പരാമര്‍ശങ്ങളെ കാലിഫോര്‍ണിയയെ ആക്രമിക്കാനുള്ള ക്ഷണമായി വിദേശ ശക്തികള്‍ വ്യാഖ്യാനിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ സാഹചര്യം സജീവമായി നിരീക്ഷിക്കാന്‍ ഞാന്‍ സ്റ്റേറ്റ് ത്രെറ്റ് അസസ്മെന്റ് സെന്ററിന് നിര്‍ദേശം നല്‍കുന്നു,’ ന്യൂസം കൂട്ടിച്ചേര്‍ത്തു.
ട്രംപ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ യു.എസ് കോണ്‍ഗ്രസ് എവിടെയായിരുന്നുവെന്നും ഒരു വീഡിയോ സന്ദേശത്തില്‍ ന്യൂസം ചോദിച്ചു. ഇത് അപകടകരമാണെന്നും ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ട സമയം ഇതാണെന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ കാലിഫോര്‍ണിയയില്‍ നിന്നുള്ള യു.എസ് കോണ്‍ഗ്രസ് അംഗങ്ങളായ ഡെമോക്രാറ്റുകള്‍ ട്രംപ് ഈ വിഷയത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഒരു സംയുക്ത പ്രസ്താവനയിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള 43 കോണ്‍ഗ്രസ് അംഗങ്ങള്‍ ഈ കാര്യം ആവശ്യപ്പെട്ടത്.
‘അധികാരമേല്‍ക്കുമ്പോള്‍, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്നും ശത്രുക്കളില്‍ നിന്ന് നമ്മെ സംരക്ഷിക്കുമെന്നും പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യുന്നു. ഇന്നലെ, ഇറാനെതിരായ ഭരണഘടനാവിരുദ്ധമായ യുദ്ധത്തെ ന്യായീകരിക്കുന്നതിനിടയില്‍, രണ്ട് അമേരിക്കന്‍ നഗരങ്ങളെ നശിപ്പിക്കാന്‍ ഇറാനെ ക്ഷണിക്കുന്നതുപോലെയുള്ള പരാമര്‍ശമാണ് പ്രസിഡന്റ് ട്രംപ് നടത്തിയത്,’ എന്ന് പ്രസ്താവനയില്‍ പറയുന്നു.
‘അവര്‍ ലോസ് ആഞ്ചലസ് തകര്‍ക്കട്ടെ. അവര്‍ സാന്‍ ഡിയാഗോ തകര്‍ക്കട്ടെ’ എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ലോസ് ആഞ്ചലസ്, സാന്‍ ഡിയാഗോ മെട്രോപൊളിറ്റന്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന 1.6 കോടിയിലധികം വരുന്ന അമേരിക്കക്കാരോട് ട്രംപ് മാപ്പ് പറയണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു.
അതേസമയം, ട്രംപിന്റെ പരാമര്‍ശങ്ങളെ വൈറ്റ് ഹൗസ് ന്യായീകരിച്ചു. ഈ വിമര്‍ശനങ്ങള്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ച്യൂങ് അവകാശപ്പെട്ടു. മാധ്യമങ്ങളുടെ അനാവശ്യമായ ബഹളം മാത്രമാണിതെന്നും ച്യൂങ് ആരോപിച്ചു.
Content Highlight: Trump’s LA, San Diego remarks ‘treasonous’, says California Governor Newsom; lawmakers demand apology
