യു.എസ്-സൗദി സംയുക്ത ആക്രമണത്തിന് പിന്നാലെ ട്രംപും സൗദി പ്രതിരോധ മന്ത്രിയും കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്
World
യു.എസ്-സൗദി സംയുക്ത ആക്രമണത്തിന് പിന്നാലെ ട്രംപും സൗദി പ്രതിരോധ മന്ത്രിയും കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്
റെന്വര്‍ പി
Thursday, 30th July 2026, 6:01 pm

വാഷിങ്ടണ്‍: ഇറാഖിലെ യു.എസ്-സൗദി സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപും സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാനും കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഉദ്യോഗസ്ഥരെ അധികരിച്ച് ആക്‌സിയോസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ചും പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ചും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദേശം കൈമാറാനായിരുന്നു കൂടിക്കാഴ്ചയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാഖിലെ ആക്രമണങ്ങള്‍ അര്‍ത്ഥമാക്കുന്നത് സൗദി അറേബ്യ സംഘര്‍ഷം രൂക്ഷമാക്കുന്നതിനെ അനുകൂലിക്കുന്നുവെന്നല്ല എന്ന സന്ദേശം യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന് കൈമാറാന്‍ സൗദി കിരീടാവകാശി ആഗ്രഹിച്ചു. ആവശ്യമെങ്കില്‍ സ്വയം പ്രതിരോധിക്കാന്‍ തയ്യാറാണെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.

‘നെതന്യാഹു ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമാക്കാന്‍ ശ്രമിക്കുമ്പോള്‍ സൗദി അറേബ്യ സംഘര്‍ഷം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കിരീടാവകാശി വാന്‍സിനോട് പറഞ്ഞു. സംഘര്‍ഷം കുറയ്ക്കുന്നത് കൂടുതല്‍ ഫലപ്രദമായ മാര്‍ഗമാണ്,’ എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരനും വിശ്വസ്തനുമായ ഖാലിദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ വാരം യു.എസ് സന്ദര്‍ശിക്കേണ്ടതായിരുന്നു. എന്നാല്‍ ഇറാഖിലെ ആക്രമണങ്ങള്‍ കാരണം അദ്ദേഹത്തിന്റെ യാത്ര വൈകുകയായിരുന്നുവെന്നും ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖാലിദ് ബിന്‍ സല്‍മാനും ജെ.ഡി വാന്‍സും കൂടിക്കാഴ്ച നടത്തിയെന്നും ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. സൗദിയിലെ ഊര്‍ജ സംവിധാനങ്ങള്‍ക്ക് നേര്‍ക്ക് ഇറാന്‍ അനുകൂല സേന നടത്തിയ ആക്രമണം പരിധി കടക്കുന്നുവെന്ന് ഖാലിദ് വാന്‍സിനോട് പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്സസിനെതിരെ (പി.എം.എഫ്) യു.എസും സൗദിയും സംയുക്ത സൈനിക ആക്രമണം നടത്തിയിരുന്നു. ഇതില്‍ ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

ഈ ആക്രമണത്തെ ഇറാഖി നാഷനല്‍ കൗണ്‍സില്‍ അപലപിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിന്റെ പ്രാദേശിക പരമാധികാരത്തിലേക്കുള്ള കടന്നു കയറ്റമാണ് യു.എസ് – സൗദി സംയുക്ത സൈനിക നീക്കമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സൗദി-യു.എസ്സംയുക്ത ആക്രമണത്തെ ഇറാനും അപലപിച്ചിരുന്നു.

രാജ്യത്തെ എണ്ണ സംസ്‌കരണ സംവിധാനങ്ങള്‍ക്ക് നേര്‍ക്ക് ഇറാന്‍ ആക്രമണമുണ്ടായതായി സൗദി അറേബ്യ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു യു.എസ്- സൗദി സംയുക്ത ആക്രമണം.

പി.എം.എഫിനെതിരെ തങ്ങള്‍ സംയുക്ത സൈനിക ആക്രമണം നടത്തിയെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡും സൗദി അറേബ്യയും ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. പശ്ചിമേഷ്യന്‍ മേഖലയിലെ അമേരിക്കന്‍ സൈനിക സംഘങ്ങള്‍ക്ക് നേര്‍ക്കും സൗദിയുടെ ഊര്‍ജ സംവിധാനങ്ങള്‍ക്ക് നേര്‍ക്കും നടത്തിയ ആക്രമണങ്ങള്‍ക്കെതിരെയാണ് ഈ നടപടിയെന്നും ഇരു കക്ഷികളും അവകാശപ്പെട്ടിരുന്നു.

Content Highlight: Trump met with Saudi defence minister after joint strikes on Iraq: Report

<

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.