വാഷിങ്ടണ്‍: ചൈനയിലെ ത്രിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മടങ്ങി. സന്ദര്‍ശനത്തിനിടെ ചൈനയുമായി ചില വ്യാപാരകരാറുകളിലേര്‍പ്പെടാന്‍ യു.എസിന് സാധിച്ചെങ്കിലും ഇറാനിലെ യു.എസ്-ഇസ്രഈലി യുദ്ധവും തായ്‌വാനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍ കാര്യമായ തീരുമാനങ്ങളൊന്നുമുണ്ടായില്ല.

സന്ദര്‍ശനം വിജയകരമാണെന്നാണ് വ്യാപാര കരാറുകളെ ചൂണ്ടിക്കാട്ടി യു.എസും ചൈനയും അഭിപ്രായപ്പെടുന്നത്. മികച്ച ചില വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ പറ്റിയെന്ന് യു.എസ്. പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഇതൊരു നാഴികക്കല്ലായ ഉച്ചകോടിയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് അഭിപ്രായപ്പെട്ടു.

ഇതിനു മുന്‍പ് ധാരണയെത്തിയ എല്ലാ കരാറുകളിലുമുള്ള തുടര്‍ നടപടികളുമായി മുന്നോട്ട് പോവുമെന്നും വ്യാപാരത്തിനും നിക്ഷേപത്തിനുമായി കൗണ്‍സിലുകള്‍ രൂപീകരിക്കുമെന്നും ചൈന ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനിടെ സ്ഥിരതയുള്ളതും നിര്‍മാണാത്മകവുമായ ചൈന-യു.എസ് ബന്ധത്തിനായി ഷി ജിന്‍ പിങ്ങും ട്രംപും ധാരണയിലെത്തിയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗത്തിനായി വീണ്ടും തുറക്കുന്നതിനായി സഹായിക്കാമെന്നും യു.എസില്‍ നിന്ന് 200 വലിയ ബോയിങ് വിമാനങ്ങളും കൂടുതല്‍ അമേരിക്കന്‍ എണ്ണയും സോയാബീനും വാങ്ങാമെന്നും ജിന്‍പിങ്ങ് സമ്മതമറിയിച്ചതായി ട്രംപ് പറഞ്ഞിരുന്നു. 750 വിമാനങ്ങള്‍ വാങ്ങാമെന്ന് ചൈന വാഗ്ദാനം ചെയ്തതായി ട്രംപ് യു.എസിലേക്ക് മടങ്ങവേ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിമാനവില്‍പ്പനയില്‍ രാജ്യത്തിന് ലഭിച്ച ഏറ്റവും വലിയ ഓര്‍ഡറാണിതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമോ ചൈനീസ് പക്ഷത്തുനിന്നുള്ള പ്രതികരണമോ പുറത്തുവന്നിട്ടില്ല.

രണ്ടാമതും അധികാരത്തിലെത്തിയ ട്രംപിന്റെ ആദ്യ ചൈനീസ് സന്ദര്‍ശനമാണിത്. സന്ദര്‍ശനത്തിനിടെ താന്‍ ചൈനീസ് പ്രസിഡന്റുമായി തായ്‌വാന്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്നും തായ്‌വാന്റെ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്നുവെന്നായിരുന്നു ജിന്‍പിങ്ങിന്റെ നിലപാട് എന്നും ട്രംപ് മടക്കയാത്രയില്‍ പറഞ്ഞു.

ചൈന-യു.എസ്. ബന്ധത്തിലെ ഏറ്റവും ഏറ്റവും പ്രധാന വിഷയം തായ്‌വാന്‍ ആണെന്ന് വ്യാഴാഴ്ച ട്രംപിനെ സ്വീകരിച്ചതിന് പിറകെ ജിന്‍ പിങ് അഭിപ്രായപ്പെട്ടിരുന്നു. തായ്‌വാന്‍ വിഷയം തെറ്റായി കൈകാര്യം ചെയ്താല്‍ ചൈന-യു.എസ്. ബന്ധം വഷളാവുമെന്നും ജിന്‍ പിങ് അന്ന് വ്യക്തമാക്കി.

തായ്‌വാന് യു.എസ്. ആയുധങ്ങള്‍ വില്‍ക്കുന്ന കാര്യത്തില്‍ തീരുമാനം ഒന്നുമെടുത്തിട്ടില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തായ്‌വാന് ആയുധം വില്‍ക്കുന്നതിനുള്ള പുതിയ കരാറിന് യു.എസ്. കോണ്‍ഗ്രസ് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ട്രംപ് ആ കരാറില്‍ ഒപ്പുവച്ചിട്ടില്ല. കരാറിന് ചൈന എതിരാണ്.

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന ചൈനീസ് എണ്ണക്കമ്പനികള്‍ക്കുള്ള ഉപരോധം നീക്കുന്ന കാര്യത്തില്‍ താന്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ട്രംപ് പറഞ്ഞു. ഇക്കാര്യത്തില്‍ ഏതാനും ദിവസത്തിനകം തന്നെ തീരുമാനമുണ്ടാവുമെന്നും ട്രംപ് വ്യക്തമാക്കി.

Content Highlight: Trump departs China touting deals, but little clarity on Iran or Taiwan