ഹോര്‍മുസ് തുറന്നാല്‍ വിജയം പ്രഖ്യാപിക്കാമായിരുന്നു: ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ച് ട്രംപ്
World
ഹോര്‍മുസ് തുറന്നാല്‍ വിജയം പ്രഖ്യാപിക്കാമായിരുന്നു: ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ച് ട്രംപ്
റെന്വര്‍ പി
Monday, 10th August 2026, 1:13 am

ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിച്ചാല്‍ ഇറാനെതിരായ യുദ്ധത്തില്‍ വിജയം പ്രഖ്യാപിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറായതായി ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് തുറക്കുന്നാല്‍ അതിന് പകരമായി ഇറാനുമായുള്ള ആണവ കരാറിനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കാമെന്ന് ട്രംപ് സ്വകാര്യമായി അറിയിച്ചതായി ഒരു യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞെന്നും വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കപ്പല്‍ ഗതാഗതം പുനസ്ഥാപിച്ചാല്‍ വെടിനിര്‍ത്തല്‍ അനിശ്ചിത കാലത്തേക്ക് ട്രംപ് ദീര്‍ഘിപ്പിക്കും. യു.എസ് നാവിക ഉപരോധം അവസാനിപ്പിക്കാനും കപ്പല്‍പാത തുറന്നാല്‍ യു.എസ് തയ്യാറാവും. ചര്‍ച്ചകള്‍ തുടരാന്‍ ട്രംപ് സന്നദ്ധനാണെന്നും യു.എസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എസില്‍ പെട്രോള്‍ വില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് ഈ നിലപാട് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പെട്രോള്‍ വില വര്‍ധനക്ക് പുറമെ മൂന്ന് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പും ട്രംപിന്റെ തീരുമാനത്തില്‍ സ്വാധീന ഘടകമായി. യുദ്ധം ജയിച്ചെന്ന് യു.എസ് ജനതയോട് പറായാന്‍ ട്രംപ് മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനുമായുള്ള യുദ്ധത്തില്‍ ഇതിനകം തന്നെ യു.എസ് തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 2025 ജൂണിലെ യുദ്ധത്തില്‍ ഇറാന്റെ ആണവ സൗകര്യങ്ങള്‍ യു.എസ് തകര്‍ത്തതിനാല്‍ അവര്‍ക്ക് ആണവനിര്‍മാണം പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് ട്രംപ് കരുതുന്നു. എന്തെങ്കിലും പുനര്‍നിര്‍മാണം ഇക്കാര്യത്തില്‍ ഇറാന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അത് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടെത്താനും ഇടപെടാനും കഴിയുമെന്നും ട്രംപ് വിശ്വസിക്കുന്നതായും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ അവരുടെ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഹോര്‍മുസ് പൂര്‍ണമായി തുറക്കുന്നതിനായി ആര് നിബന്ധനകള്‍ ഇറാന്‍ കഴിഞ്ഞ ദിവസം മുന്നോട്ടുവെച്ചിരുന്നു. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി തലവന്‍ മുഹമ്മദ് ബാഘര്‍ സോലഘാദ്‌റിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് ഈ നിര്‍ദേശങ്ങള്‍. യു.എസ് അവരുടെ പെരുമാറ്റം നേരെയാക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇറാനെ ഇനി ഒരിക്കലും ഭീഷണിപ്പെടുത്തരുതെന്നും ഇറാനുമായും മേഖലയിലെ സായുധ സഖ്യകക്ഷികളുമായും ഉള്ള അമേരിക്കന്‍ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്നും അടക്കമുള്ള ആവശ്യങ്ങളാണ് ബാഘറിന്റെ പ്രസ്താവനയിലുള്ളത്.

ഇറാന്‍ തുറമുഖങ്ങളുടെ മേലുള്ള അമേരിക്കന്‍ നാവിക ഉപരോധവും, സൈന്യത്തെയും പിന്‍വലിക്കണം, യുദ്ധങ്ങള്‍ക്കൊണ്ട് ഇറാനുണ്ടായ നഷ്ടത്തിന് അമേരിക്ക പൂര്‍ണമായും നഷ്ടപരിഹാരം നല്‍കണം തുടങ്ങണമെന്ന ആവശ്യങ്ങളും പ്രസ്താവനയിലുണ്ട്. പിടിച്ചെടുത്ത എല്ലാ ആസ്തികളും നിരുപരാധികം വിട്ടു നല്‍കണമെന്നും ഇറാന്‍ യു.എസിനോട് ആവശ്യപ്പെടുന്നു.

ഉപാധികള്‍ യു.എസ് അംഗീകരിക്കുന്നത് അനുസരിച്ചായിരിക്കും ഹോര്‍മുസ് തുറക്കുന്ന കാര്യം പരിഗണിക്കുക എന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും (ഐ.ആര്‍.ജി.സി) വ്യക്തമാക്കിയിട്ടുണ്ട്. ‘എപ്പോഴാണോ ഇറാന്റെ നിബന്ധനകള്‍ യു.എസ് അംഗീകരിക്കുന്നത്, അപ്പോള്‍ ഹോര്‍മുസ് തീര്‍ച്ചയായും തുറക്കും,’ എന്നാണ് ഐ.ആര്‍.ജി.സി വക്താവ് ഹുസൈന്‍ മൊഹെബി പറഞ്ഞത്.

ഹോര്‍മുസില്‍ ഇറാന്‍ തങ്ങളുടെ സ്ഥാനം എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്ന് ഇറാന്റെ ഒരു ഉന്നത ഉപദേശക സമിതിയുടെ അധ്യക്ഷനും മുന്‍ ചീഫ് ജസ്റ്റിസുമായ ആയത്തുല്ല അമോലി ലരിജാനി ഇന്ന് (ഓഗസ്റ്റ് ഒമ്പത്, ഞായര്‍) അഭിപ്രായപ്പെട്ടു. ശത്രുക്കള്‍ രാജ്യത്തെ വളഞ്ഞാലും ഹോര്‍മുസ് കടലിടുക്കില്‍ തങ്ങള്‍ക്കുള്ള പരമാധികാരം ഇറാന്‍ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ധാരണാ പത്രത്തിലുള്ള വ്യവസ്ഥകള്‍ യു.എസ് അംഗീകരിച്ചാല്‍ മാത്രമേ കടലിടുക്കിലൂടെയുള്ള ഗതാഗതം പഴയ നിലയിലേക്ക് എത്തിച്ചേരൂ എന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം മാര്‍ച്ചിലാണ് ഹോര്‍മുസിലെ ഗതാഗതം ഇറാന്‍ ആദ്യമായി തടഞ്ഞത്. ഫെബ്രുവരി 28ന് യു.എസും ഇസ്രഈലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഇത്.

യുദ്ധത്തില്‍ താത്ക്കാലിക വെടിനിര്‍ത്തലിനുള്ള ഇടക്കാല ധാരണാപത്രത്തില്‍ ഈ വര്‍ഷം ജൂണില്‍ യു.എസും ഇറാനും ഒപ്പുവച്ചിരുന്നു. ഇറാനിലെ യുദ്ധത്തിന് പുറമെ ലെബനനെതിരായ ഇസ്രഈല്‍ ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നതായിരുന്നു ധാരണാ പത്രത്തിലെ പ്രധാന വ്യവസ്ഥ.

ഹോര്‍മുസിലെ ഗതാഗതം പുനരാരംഭിക്കണമെന്നും ധാരണാ പത്രത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഇത് പ്രകാരം ഹോര്‍മുസിലെ തടസ്സങ്ങള്‍ ഇറാന്‍ നീക്കം ചെയ്തിരന്നു. എന്നാല്‍ പിന്നീട് യുദ്ധം സംബന്ധിച്ച് ധാരണാ പത്രത്തിലുള്ള വ്യവസ്ഥകള്‍ യു.എസ് ലംഘിച്ചതോടെ ഇറാന്‍ വീണ്ടും ഹോര്‍മുസ് അടക്കുകയായിരുന്നു.

Content Highlight: Trump could declare victory if Iran reopens Strait of Hormuz: Report

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.