വടിയുള്ളത് നന്നായി ഇല്ലെങ്കില്‍ അന്ധനാണെന്ന് പറയില്ലായിരുന്നു; ഹൈവാനിലെ ആദ്യ ഗാനത്തിന് ട്രോള്‍
Indian Cinema
വടിയുള്ളത് നന്നായി ഇല്ലെങ്കില്‍ അന്ധനാണെന്ന് പറയില്ലായിരുന്നു; ഹൈവാനിലെ ആദ്യ ഗാനത്തിന് ട്രോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th August 2026, 10:19 pm

ഭാഷാഭേദമന്യേ ഇന്ത്യന്‍ സിനിമയിലെ പല ഇന്‍ഡസ്ട്രികളിലും സംവിധായകനായി തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് പ്രിയദര്‍ശന്‍. 1984ല്‍ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദര്‍ശന്‍ നാലുപതിറ്റാണ്ടോളം നീളുന്ന തന്റെ കരിയറില്‍ മലയാളത്തിലും ഹിന്ദിയലും മറ്റ് ഭാഷകളിലുമായി നൂറോളം ചിത്രങ്ങളാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങി വലിയ ഹിറ്റടിച്ച ചിത്രമായിരുന്നു ഒപ്പം.

അന്ധനായ ജയരാമന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ വേഷമിട്ട ചിത്രം വലിയ വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും നേടിയത്. ഇംഗ്ലീഷ് ചിത്രങ്ങളായ കേപ് ഫിയറില്‍(1991) നിന്നും ബ്ലൈന്‍ഡില്‍(2011) നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു പ്രിയദര്‍ശന്‍ ഒപ്പം ഒരുക്കിയത്. ഇപ്പോഴിതാ ബോളിവുഡിലേക്ക് സംവിധായകന്‍ ചിത്രം റീമേക്ക് ചെയ്തിരിക്കുകയാണ്.

ഒപ്പം. Photo: Screen Grab/ Youtube.com

ഹൈവാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായി സെയ്ഫ് അലി ഖാനും വില്ലനായി അക്ഷയ് കുമാറുമാണ് വേഷമിടുന്നത്. ചിത്രത്തില്‍ കാമിയോ റോളില്‍ മോഹന്‍ലാലും വേഷമിടുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെ മലയാളി പ്രേക്ഷകര്‍ക്കിടയിലും ഹൈവാന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 11ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഹിന്ദി സിനിമാ പ്രേമികള്‍ക്കിടയില്‍ ‘മേരാ ഹീറോ ഹേ വോ’ എന്ന ഗാനത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ഗാനത്തിന് ലഭിക്കുന്ന ട്രോളുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. സീ മൂ്യൂസിക് കമ്പനി പുറത്തുവിട്ട വീഡിയോ സോങ്ങിലെ സെയ്ഫ് അലി ഖാന്റെ അന്ധനായുള്ള അഭിനയമാണ് പലരും ട്രോള്‍ മെറ്റീരിയലാക്കിയിരിക്കുന്നത്. കൈയില്‍ ഒരു വടിയില്ലായിരുന്നെങ്കില്‍  സെയ്ഫിന്റെ കഥാപാത്രം ബ്ലൈന്‍ഡ് ആണെന്ന് മനസിലാവില്ലെന്നും കമന്റുകളുണ്ട്.

ഹൈവാന്‍. Photo: Zee music Company/ Youtube.com

 

ഒപ്പത്തിലെ മോഹന്‍ലാലിന്റെ അഭിനയവുമായി താരതമ്യപ്പെടുത്തിയാണ് ട്രോളുകളില്‍ ഭൂരിഭാഗവും. ഇതോടൊപ്പം തന്നെ ഹൈവാനിലെ ഗാനരംഗങ്ങളെല്ലാം തന്നെ ഒപ്പത്തിലെ മിനുങ്ങും മിന്നാ മിനുങ്ങേ എന്ന ഗാനത്തിന്റെ സീന്‍ ബൈ സീന്‍ കോപ്പിയാണെന്നും പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Troll for the acting of Saif Ali khan in the first song of Haiwaan which is the remake of Malayalam movie Oppam