ദുബായ്: തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനം തീപിടിച്ച് അപകടം നടന്നതിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ സ്വദേശിയായ അഗ്‌നിശമന സേനാംഗത്തിന് രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായിരുന്നു.
യു.എ.ഇ സ്വദേശിയായ പൈലറ്റാണ് അപകടത്തില്‍പെട്ട വിമാനം പറത്തിയിരുന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും 7000 മണിക്കൂറില്‍ കൂടുതല്‍ പറക്കല്‍ പരിചമുള്ളവരായിരുന്നു. ലാന്‍ഡിങ് ഗിയറിന്റെ തകരാറാണ് അപകടകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് എമിറേറ്റ്‌സ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല്‍ മക്തും പറഞ്ഞു. സംഭവത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല. പരിക്കേറ്റവര്‍ക്ക് ചികില്‍സ നല്‍കി വിട്ടയച്ചെന്നും ചെയര്‍മാന്‍ പറഞ്ഞു.

യാത്രക്കാരും ജീവനക്കാരുമായി 275 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു. സംഭവത്തെ തുടര്‍ന്ന് ദുബായ് ടെര്‍മിനല്‍ 3 അടിയന്തിരമായി അടച്ചിരുന്നു. എമിറേറ്റ്‌സ് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നത് ഈ ടെര്‍മിനലിലാണ്. ടെര്‍മിനല്‍ അടച്ചതിനെ തുടര്‍ന്ന് എമിറേറ്റ്‌സ് വിമാനങ്ങള്‍ അല്‍ മഖ്ദൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. ദുബായ് വിമാനത്താവളത്തില്‍ താല്‍ക്കാലികമായി വിമാനം ലാന്‍ഡ് ചെയ്യുന്നതും ടെയ്ക്ക് ഓഫ് ചെയ്യുന്നതും നിര്‍ത്തിവെച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്നും 10.19നാണ് വിമാനം യാത്ര തിരിച്ചത്. പ്രാദേശിക സമയം 12.50നാണ് ദുബായ് വിമാനത്താവളത്തില്‍ വിമാനം എത്തിയത്. ക്രാഷ് ലാന്റിനു ശേഷമാണ് വിമാനത്തിന് തീ പിടിച്ചത്.
