ന്യൂദല്‍ഹി: ബീഹാറിലെ ബി.ജെ.പിയുടെ കുത്തക മണ്ഡലമായ ബങ്കിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി (ജെ.എസ്.പി) സ്ഥാപകനുമായ പ്രശാന്ത് കിഷോറിന്‍രെ വിജയത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്.
ബി.ജെ.പിക്കുണ്ടായ ഈ കനത്ത തിരിച്ചടിയെ അന്ത്യത്തിന്റെ തുടക്കം എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയന്‍ വിശേഷിപ്പിച്ചത്. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘രംഗം 1: ബീഹാറില്‍ നിന്നുള്ള അപരിചിതനായ ഒരു എം.എല്‍.എയെ മോദിയും ഷായും തങ്ങളുടെ ‘റബ്ബര്‍ സ്റ്റാമ്പ്’ ദേശീയ അധ്യക്ഷനായി നിയമിക്കുന്നു. രംഗം 2: ബി.ജെ.പി 52,000 വോട്ടുകള്‍ക്ക് വിജയിച്ച ബങ്കിപ്പൂര്‍ നിയമസഭാ സീറ്റ് ഒഴിവുവരുന്നു. രംഗം 3: ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷം പിന്നീട് മാറ്റുന്നു. രംഗം 4: ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത പരാജയം ഏറ്റുവാങ്ങുന്നു,’ അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.
BEGINNING OF THE END
Scene I. Modi-Shah pluck out obscure MLA from Bihar to make him their rubber stamp National President
Scene II. Bankipur Assembly seat falls vacant, a seat BJP won by 52000
Scene III. BJP announce candidate & then change
Scene IV. BJP whipped in bypoll
— Derek O’Brien | ডেরেক ও’ব্রায়েন (@derekobrienmp) August 3, 2026
ബി.ജെ.പിയുടെ മോശം സമയം ആരംഭിച്ചുവെന്നായിരുന്നു എന്ന് ടി.എം.സി എം.പി മഹുവ മൊയ്ത്രയുടെ പ്രതികരണം.
ദേശീയതലത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ നീറ്റ് പരീക്ഷാ വിവാദങ്ങള്‍ക്ക് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ ഈ പരാജയം കേന്ദ്ര നേതൃത്വത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.
ബി.ജെ.പി സ്ഥാനാര്‍ത്ഥി നീരജ് കുമാര്‍ സിന്‍ഹയെ 18,953 വോട്ടുകള്‍ക്കാണ് പ്രശാന്ത് കിഷോര്‍ പരാജയപ്പെടുത്തിയത്. പോരാട്ടത്തില്‍ ആര്‍.ജെ.ഡിയുടെ രേഖ കുമാരി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലാണ് ഈ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2010ല്‍ മണ്ഡലം പുനര്‍നിര്‍ണയിച്ചതിനു ശേഷം നിതിന്‍ നബീന്‍ തുടര്‍ച്ചയായി പ്രതിനിധീകരിച്ചിരുന്ന, ബി.ജെ.പിയുടെ ഏറ്റവും സുരക്ഷിതമായ ഈ കുത്തക മണ്ഡലമാണ് വെറും 30 ദിവസത്തെ തീവ്രപ്രചാരണം കൊണ്ട് പ്രശാന്ത് കിഷോര്‍ പിടിച്ചെടുത്തത്.
വോട്ടെണ്ണലിന്റെ 28-ാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ പരാജയം ഉറപ്പായതോടെ ബി.ജെ.പി ഏജന്റുമാര്‍ കൗണ്ടിങ് സെന്ററില്‍ നിന്ന് മടങ്ങിയിരുന്നു.
‘എന്റെ ഈ കന്നി തെരഞ്ഞെടുപ്പ് വിജയം ബീഹാര്‍ ജനത ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് നല്‍കിയ ശക്തമായ സന്ദേശമാണ്. ബിഹാറില്‍ മികച്ച വിദ്യാഭ്യാസം, യുവാക്കള്‍ക്ക് തൊഴില്‍, ഇതര സംസ്ഥാനങ്ങളിലേക്കുള്ള പലായനം തടയല്‍ എന്നിവയ്ക്കാണ് ജനങ്ങള്‍ മുന്‍ഗണന നല്‍കുന്നത്,’ എന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം.
നീറ്റ് പ്രക്ഷോഭങ്ങള്‍ക്ക് ശേഷം നടന്ന ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഏറ്റവും ശക്തമായ കോട്ട തകര്‍ന്നത് വരാനിരിക്കുന്ന മറ്റ് തെരഞ്ഞെടുപ്പുകളിലും ദേശീയ രാഷ്ട്രീയത്തിലും ബിജെപിയുടെ അടിത്തറയിളക്കുന്ന ഒന്നാണെന്നാണ് വിലയിരുത്തല്‍.
Content Highlight: Trinamool Congress reacts to Prashant Kishor’s victory.