ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Travel
നിങ്ങളൊരു ചായ പ്രേമിയാണോ? കയ്യില്‍ 30 രൂപയുണ്ടോ? എങ്കില്‍ മാനന്തവാടിയി പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിലേക്ക് വെച്ചുപിടിച്ചോളൂ; അവിടെ മുഴുവന്‍ സര്‍പ്രൈസാ
ന്യൂസ് ഡെസ്‌ക്
Saturday 2nd March 2019 3:03pm

മുപ്പത് രൂപയും കൊണ്ട് അടിപൊളി ടീ ടൂറില്‍ പങ്കെടുക്കാം. വയനാട് ജില്ലയിലെ മാനന്തവാടിയ്ക്ക് അടുത്തുള്ള പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിലാണ് ടീ ടൂറുള്ളത്. ഇതില്‍ പങ്കെടുക്കാന്‍ ഒരാള്‍ കൊടുക്കേണ്ട തുകയാണ് 30 രൂപ. രാവിലെ 8.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് ഇവിടുത്തെ പ്രവര്‍ത്തന സമയം. ഈ സമയത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ടീ ടൂറില്‍ പങ്കെടുക്കാം.

ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് തേയില നുള്ളുന്ന തൊഴിലാളികളോടൊപ്പം തേയില തോട്ടത്തില്‍ പോയി കൊളുന്ത് നുള്ളാം. തേയില ഉണ്ടാക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഉത്പാദന രീതി കണ്ടു മനസ്സിലാക്കാനും താല്‍പ്പര്യമുള്ളവര്‍ക്ക് അത് ചെയ്യാനും അവസരമുണ്ട്.

നമ്മള്‍ ഉണ്ടാക്കിയ തേയില പൊടി ഉപയോഗിച്ച് നമുക്ക് തന്നെ ചായ ഉണ്ടാക്കി കുടിക്കുകയും ചെയ്യാം. ആറു തരത്തിലുളള തേയിലകളാണ് ഇവിടെ ഉത്പ്പാദിപ്പിക്കുന്നത്. 130 രൂപയ്ക്ക് നല്ല ഫ്രെഷ് തേയില വാങ്ങിക്കുകയും ചെയ്യാം.

തേയില തോട്ടത്തിന് നടുവിലായി മൂന്ന് കോട്ടേജുകള്‍ ഇവിടെയുണ്ട്. 1000 രൂപ മുതല്‍ 15,000 രൂപവരെയുള്ള കോട്ടേജുകളാണ് ഇവിടെയുള്ളത്. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ സഞ്ചാരികള്‍ക്ക് ഇവിടെ താമസിക്കാം. 1000 രൂപയ്ക്ക് ഡബിള്‍ റൂമും 15,000 രൂപയ്ക്ക് ഒരു കോട്ടേജ് മുഴുവനായും ലഭ്യമാണ്. കോട്ടേജില്‍ 15 പേര്‍ക്ക് താമസിക്കാന്‍ സാധിക്കും. കൂടാതെ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യവും ഉണ്ട്.

ബിശ്വാസ് മേത്ത വ്യൂ പോയിന്റിലേക്കുള്ള ജീപ്പ് സഫാരിയിലും ട്രെക്കിങ്കിങ്ങും നടത്താം. നാലര കി.മീ ആണ് ഓഫ് റോഡ് ജീപ്പ് സഫാരിയുടെ ദൂരം. നടന്നാണ് പോകുന്നതെങ്കില്‍ ഒന്നേമുക്കാല്‍ കിലോമീറ്റര്‍ ദൂരം കൊണ്ടെത്താം. ജീപ്പ് സഫാരിയ്ക്ക് അഞ്ചു പേര്‍ അടങ്ങുന്ന ടീമിന് 1500 രൂപയാണ് നിരക്ക്.

2014-2015 International Mountain Terrain Bike Track ഇവിടെയാണ് ഉള്ളത്. 4 കിലോമീറ്ററാണ് ഈ ട്രാക്കിന്റെ ദൂരം. ഇവിടെ വരുന്ന സഞ്ചാരികള്‍ക്ക് സൈക്ലിങ്ങിന് അവസരവും ഉണ്ട്. ഒരു മണിക്കൂറിന് 250 രൂപ നിരക്കില്‍ രാജ്യാന്തര നിലവാരത്തിലുള്ള സൈക്കിള്‍ ഇവിടെ വാടകയ്ക്ക് ലഭിക്കും.

മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ടീ എസ്റ്റേറ്റിനുള്ളില്‍ അടിപൊളി ഭക്ഷണവും ലഭിക്കും. ചുരുള ചപ്പ് മെഴുക്കുപുരട്ടി, കാട്ടുകിഴങ്ങ്, മുളയരിയുടെ ചോറ്, മുളങ്കൂമ്പിന്റെ തോരന്‍, കാട്ടരുവിയുടെ തീരത്ത് വളരുന്ന പ്രത്യേക തരം ഞണ്ടിന്റെ റോസ്റ്റ്, ഗന്ധകശാല അരിയുടെ ചോറ് എന്നിവയാണ് ലഭികുക. അഞ്ചു പേരടങ്ങുന്ന സംഘത്തിന് ഇത്രയും വിഭവങ്ങള്‍ക്ക് 1500 രൂപയാണ്.

പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിന്റെ കുന്നുകളുടെ മുകളില്‍ ടെന്റില്‍ താമസിക്കാനും അവസരമുണ്ട്. 25 പേരുടെ സംഘത്തിനു വരെ ടെന്റില്‍ താമസിക്കാം. ഒരാള്‍ക്ക് രാത്രി ഭക്ഷണം ഉള്‍പ്പെടെ 1500 രൂപ. ടെന്റ് സൗകര്യമുള്ള കുന്നിലേക്ക് നടന്നോ ജീപ്പിലോ പോകാം.

ടെന്റില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുകയും വൈകുന്നേരം മൂന്നു മണിക്ക് മുന്‍പായി എത്തിച്ചേരേണ്ടതുമാണ്. ടെന്റില്‍ താമസിക്കുന്നവര്‍ക്ക് എല്ലാ രീതിയിലുമുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സഹായത്തിനും ഗാര്‍ഡുകളുടെ സേവനം ലഭ്യമാണ്.

ടീ എസ്റ്റേറ്റിലേക്ക്

മാനന്തവാടിയില്‍ കണിയാരം ജംഗ്ഷനിടെ നിന്നും തിലാക്കാവ് വഴി പഞ്ചാരക്കൊല്ലി അവിടെ നിന്ന് നേരെ പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ്. മാനന്തവാടിയില്‍ നിന്നും പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിലേക്ക് 9 കിലോമീറ്റര്‍ ദൂരമുണ്ട്.

Advertisement