കേരളത്തില്‍ സേഫായിരിക്കും, പക്ഷേ ഇന്ത്യക്ക് പുറത്ത് ലാലേട്ടന് പണിപാളും... അതിമനോഹരം ഡിസംബര്‍ റീലിസിന് പിന്നാലെ സോഷ്യല്‍ മീഡിയ
Malayalam Cinema
കേരളത്തില്‍ സേഫായിരിക്കും, പക്ഷേ ഇന്ത്യക്ക് പുറത്ത് ലാലേട്ടന് പണിപാളും... അതിമനോഹരം ഡിസംബര്‍ റീലിസിന് പിന്നാലെ സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Friday, 26th June 2026, 3:52 pm

ഇന്‍ഡസ്ട്രി ഹിറ്റ് നേടിയ നടനും സംവിധായകനും ഒരിക്കല്‍കൂടി ഒന്നിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. അതും സമീപകാലത്ത് മോഹന്‍ലാലിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച സംവിധായകനൊപ്പമാകുമ്പോള്‍ ആരാധകരുടെ ആവേശം ഇരട്ടിയാണ്. മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന അതിമനോഹരം അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാപേജുകളില്‍ ചര്‍ച്ചയായി.

ചിത്രത്തിന്റെ ഷൂട്ട് അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞദിവസം അതിമനോഹരത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ക്രിസ്മസ് റിലീസായാണ് അതിമനോഹരം തിയേറ്ററുകളിലെത്തുക. മോഹന്‍ലാലിന്റെ കരിയറില്‍ നാഴികക്കല്ലായ പല സിനിമകളും ക്രിസ്മസിനാണ് തിയേറ്ററുകളിലെത്തിയത്. അതിമനോഹരവും ചരിത്രം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

അതിമനോഹരം Photo: Theatrical poster

പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ കേരളത്തില്‍ ചിത്രം ഗംഭീര കളക്ഷന്‍ നേടുമെന്ന് ഉറപ്പാണ്. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് രണ്ടാമത്തെ 100 കോടി മോഹന്‍ലാല്‍ തന്റെ പേരിലാക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കേരളത്തിന് പുറത്ത് അതിമനോഹരത്തിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് പല ട്രാക്കര്‍മാരും അഭിപ്രായപ്പെടുന്നത്.

ഹോളിവുഡിലെ മൂന്ന് വമ്പന്‍ സിനിമകളാണ് ഡിസംബറില്‍ തിയേറ്ററുകളിലെത്തുന്നത്. മാര്‍വലിന്റെ ബ്രഹ്‌മാണ്ഡചിത്രം അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയും ഡെന്നിസ് വില്ലന്യൂവിന്റെ ഡ്യൂണ്‍ 3യുമാണ് ഇതില്‍ പ്രധാനം. ഡിസംബര്‍ 18നാണ് രണ്ട് സിനിമകളുടെയും റിലീസ്. ഐമാക്‌സ് സ്‌ക്രീനുകളെല്ലാം ഡ്യൂണ്‍ 3യും മറ്റ് പ്രീമിയം സ്‌ക്രീനുകള്‍ മാര്‍വലും ഇതിനോടകം ബുക്ക് ചെയ്തുകഴിഞ്ഞു.

അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ, ഡ്യൂണ്‍ 3 Photo: Theatrical poster

ഇതോടൊപ്പം ജുമാന്‍ജി ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രം ജുമാന്‍ജി ഓപ്പണ്‍ വേള്‍ഡും ക്രിസ്മസ് റിലീസിനാണ് തയാറെടുക്കുന്നത്. ത്രീ.ഡി, സ്റ്റാന്‍ഡേര്‍ഡ് സ്‌ക്രീനുകള്‍ ജുമാന്‍ജിയും കൊണ്ടുപോകും. ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ കിങ്ങും ഡിസംബറിലാണ് റിലീസ്. പ്രധാനപ്പെട്ട സ്‌ക്രീനുകളെല്ലാം കിങ്ങിന് മുന്‍ഗണന കൊടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

ഈ സിനിമകളുടെ ഇടയില്‍ പിടിച്ചുനില്‍ക്കാന്‍ അതിമനോഹരം വല്ലാതെ പാടുപെടുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മലയാളസിനിമക്ക് വലിയ മാര്‍ക്കറ്റുള്ള ജി.സി.സിയില്‍ പോലും ചിത്രത്തിന് ആവശ്യത്തിന് സ്‌ക്രീനുകള്‍ ലഭിച്ചേക്കില്ല. എമ്പുരാന്‍ മുതല്‍ക്ക് ഇങ്ങോട്ട് ഓവര്‍സീസില്‍ ഗംഭീര കളക്ഷന്‍ നേടുന്ന മോഹന്‍ലാല്‍ ഇത്തവണ പാടുപെടുമെന്ന് ഉറപ്പാണ്.

തുടരുമിന് ശേഷം മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കോമ്പോ ഒന്നിക്കുന്ന ചിത്രത്തില്‍ മീര ജാസ്മിനാണ് നായിക. ടി.എസ് ലൗലജന്‍ എന്ന പൊലീസ് ഓഫീസറായാണ് മോഹന്‍ലാല്‍ അതിമനോഹരത്തില്‍ വേഷമിടുന്നത്. മോഹന്‍ലാലിന് പുറമെ മുകേഷ്, ജഗദീഷ് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Trackers about Athimanoharam’s release in December

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം