പള്ളിച്ചട്ടമ്പിയില്‍ പൃഥ്വിരാജും?; മറുപടി നല്‍കി ടൊവിനോ തോമസ്
Malayalam Cinema
പള്ളിച്ചട്ടമ്പിയില്‍ പൃഥ്വിരാജും?; മറുപടി നല്‍കി ടൊവിനോ തോമസ്
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 1st April 2026, 9:23 am

മോഹന്‍ലാലും മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്ന പേട്രിയറ്റിന്റെ റിലീസിന് മുമ്പ് മലയാളത്തിലേക്കെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് പള്ളിച്ചട്ടമ്പി. ടൊവിനോ തോമസും കയാദു ലോഹാറും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് മറ്റ് പല ഭാഷകളിലും ടൊവിനോയടക്കമുള്ള ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നടത്തിയ പ്രൊമോഷന്‍ വീഡിയോകള്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരുന്നു.

പള്ളിച്ചട്ടമ്പി ലൊക്കേഷനില്‍ നിന്നും. Photo: Ott play

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിനിടെ പീരിയോഡിക് ഡ്രാമയായ പള്ളിച്ചട്ടമ്പിയില്‍ സൂപ്പര്‍ താരം പൃഥ്വിരാജ് നായകനായെത്തുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ടൊവിനോ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് എക്‌സ്റ്റെന്റഡ് കാമിയോ റോളില്‍ എത്തുന്നുണ്ടോയെന്നും എന്തുകൊണ്ടാണ് ഈ കാര്യം തങ്ങളില്‍ നിന്നും മറച്ചുവെക്കുന്നത് എന്നുമായിരുന്നു പ്രെസ് മീറ്റിനെത്തിയ ആളുടെ ചോദ്യം.

എന്നാല്‍ പൃഥ്വിരാജ് ചിത്രത്തില്‍ ഉണ്ടെന്നോ ഇല്ലെന്നോ ഉള്ള കാര്യം നിഷേധിക്കാതെയായിരുന്നു ടൊവിനോ ചോദ്യത്തിന് മറുപടി നല്‍കിയത്. പൃഥ്വിരാജ് ഉണ്ടോ എന്നറിയാനായി ഏപ്രില്‍ 10 വരെ കാത്തുനില്‍ക്കണമെന്നും ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമല്ലേ ചിത്രം റിലീസാകുനുള്ളതെന്നുമായിരുന്നു താരം പറഞ്ഞത്. ഈ ചോദ്യം ചോദിക്കാന്‍ കാരണമായത് തന്നെ താങ്കളിലുണ്ടാക്കിയ ആകാംക്ഷയാണെന്നും അതിന് വേണ്ടിയാണ് ഈ കാര്യം സംവിധായകന്‍ എല്ലാവരില്‍ നിന്നും മറച്ചുപിടിക്കുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു.

പള്ളിച്ചട്ടമ്പി. Photo: Ott Play

ക്വീന്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജേക്ക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ ‘കാട്ടുച്ചെമ്പകം’ എന്ന ഗാനത്തിന് പിന്നാലെ ‘മാവീരനെ’ എന്ന ഗാനവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിജോ ജോസിന്റെ മുന്‍ ചിത്രങ്ങള്‍ക്കും സംഗീതം ഒരുക്കിയതും ജേക്ക്‌സാണെന്ന പ്രത്യേകതയുമുണ്ട്.

Content Highlight: Tovino talks about extended Cameo role of Prithviraj in Pallichattambi

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.