ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേറിയതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ദല്‍ഹിയില്‍ നടന്ന ‘വിക്ടറി ഡേ’ ആഘോഷത്തില്‍ പങ്കെടുത്ത് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥര്‍.
താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി അഫ്ഗാന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ വിഭാഗം ജോയിന്റ് സെക്രട്ടറി ആനന്ദ് പ്രകാശ് ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇതേ വിഭാഗത്തിലെ ഡയറക്ടര്‍ സ്‌നേഹ ദുബെയും അദ്ദേഹത്തോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു.
2021 ഓഗസ്റ്റില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനികസേന അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് താലിബാന്‍ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഇത്തരത്തില്‍ ‘വിജയദിനം’ എന്ന് വിശേഷിപ്പിച്ച് ഇന്ത്യയിലെ അഫ്ഗാന്‍ എംബസിയില്‍ പരസ്യമായി താലിബാന്‍ പരിപാടി നടത്തുന്നത് ഇതാദ്യമായാണ്.
ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന പേരില്‍ താലിബാന്‍ ഉപയോഗിക്കുന്ന പതാകയ്ക്ക് സമീപം നിന്നാണ് ദല്‍ഹിയിലെ താലിബാന്‍ ഇന്‍ചാര്‍ജ് അഫയേഴ്‌സ് മുഫ്തി നൂര്‍ അഹമ്മദ് നൂര്‍ പരിപാടിയില്‍ സംസാരിച്ചത്.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ വിശ്വാസം, സാമ്പത്തിക സഹകരണം, തുടര്‍ച്ചയായ നയതന്ത്ര ഇടപെടല്‍ എന്നിവ ഇരുരാജ്യങ്ങള്‍ക്കും മാത്രമല്ല, പ്രാദേശിക സ്ഥിരതയ്ക്കും മറ്റ് വികസനങ്ങള്‍ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും നൂര്‍ നന്ദി അറിയിച്ചു. അഫ്ഗാന്‍ ഭരണകൂടത്തിന്റെ അന്താരാഷ്ട്ര അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളെ അദ്ദേഹം പ്രശംസിച്ചു. അഫ്ഗാസ്താനിലെ ഭരണകൂടത്തെ കൂടുതല്‍ പിന്തുണയ്ക്കാന്‍ ഇന്ത്യ പ്രായോഗിക നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അഫ്ഗാനിസ്ഥാന്റെ നിയമാനുസൃതമായ അന്താരാഷ്ട്ര അവകാശങ്ങള്‍ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അന്താരാഷ്ട്ര വേദികളില്‍ അവര്‍ നല്‍കിയ ഊന്നലിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയും പ്രായോഗിക ശ്രമങ്ങളും ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
സമീപകാലത്ത് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഉന്നതതല സന്ദര്‍ശനങ്ങള്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായ പുരോഗതിയുണ്ടായതായി നൂര്‍ പറഞ്ഞു. പരസ്പര ബഹുമാനം, രാഷ്ട്രീയ ഇടപെടല്‍, പൊതുതാത്പര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ബന്ധം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്താനും ഇന്ത്യ ലക്ഷ്യമിടുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഭാവിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഉന്നതതല സംഘം കാബൂള്‍ സന്ദര്‍ശിക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം താലിബാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ന്യൂദല്‍ഹിയിലെ അഫ്ഗാന്‍ എംബസിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇന്ത്യ അനുമതി നല്‍കിയിരുന്നു. അതേസമയം കാബൂളിലെ ഇന്ത്യന്‍ നയതന്ത്ര ദൗത്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു.
താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കാത്തതിനാല്‍ ന്യൂദല്‍ഹിയിലെ അഫ്ഗാന്‍ എംബസിയിലെ പ്രധാന കൊടിമരത്തില്‍ ഇപ്പോഴും മുന്‍ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്റെ പതാകയാണ് ഉപയോഗിക്കുന്നത്.
Content Highlights: Top Indian officials attend Taliban’s ‘Victory Day’ celebrations; move to strengthen ties with Afghanistan.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.