കേരള ബോക്‌സ് ഓഫീസില്‍ ദുല്‍ഖറിനെ വെട്ടിക്കാന്‍ ടോം ഹോളണ്ട്; കുറുപ്പിനെ വെട്ടിക്കാന്‍ വേണ്ടത് ഇത്ര കോടി മാത്രം
Malayalam Cinema
കേരള ബോക്‌സ് ഓഫീസില്‍ ദുല്‍ഖറിനെ വെട്ടിക്കാന്‍ ടോം ഹോളണ്ട്; കുറുപ്പിനെ വെട്ടിക്കാന്‍ വേണ്ടത് ഇത്ര കോടി മാത്രം
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 11th August 2026, 8:28 pm

ലോകമെമ്പാടും ഒട്ടനവധി ആരാധകരുള്ള സൂപ്പര്‍ ഹീറോ ക്യാരക്ടറാണ് സ്‌പൈഡര്‍ മാന്‍. ഫ്രാഞ്ചൈസിയില്‍ നിന്നും പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ജൂലൈ 30ന് തിയേറ്ററുകളിലെത്തിയ സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ. വമ്പന്‍ ഹൈപ്പില്‍ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച കളക്ഷനാണ് ഇന്ത്യയടക്കം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്നും 400 കോടിയിലധികം സ്വന്തമാക്കിയ ചിത്രം ആഗോളതലത്തില്‍ പതിനായിരം കോടി പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവതാര്‍ ദി വേ ഓഫ് വാട്ടിറിനെ വെട്ടിച്ച് ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കുന്ന ചിത്രം എന്ന നേട്ടവും സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ സ്വന്തമാക്കിയിരുന്നു.

സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ. Photo: X.com

റിലീസ് ദിനം മുതല്‍ തന്നെ മികച്ച വരവേല്പാണ് ചിത്രത്തിന് കേരള ബോക്‌സ് ഓഫീസിലും ലഭിക്കുന്നത്. തിയേറ്ററുകളിലെത്തി 12 ദിവസം പിന്നിട്ടപ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും മാത്രം 33 കോടിയിലധികം ചിത്രം സ്വന്തമാക്കിയതായാണ് വിശ്വസിനീയമായ സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം റിലീസ് ചെയ്ത പല മലയാള ചിത്രങ്ങളും ആഗോളതലത്തില്‍ നേടിയതിനെക്കാള്‍ കൂടുതലായിരുന്നു ഈ കളക്ഷന്‍. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത് മറ്റൊരു കൗതുകകരമായ കാര്യമാണ്.

ടോം ഹോളണ്ടിന്റെ സ്‌പൈഡര്‍മാന് മോളിവുഡിലെ സൂപ്പര്‍താരങ്ങളിലൊരാളായ ദുല്‍ഖറിന്റെ കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോഡ് തകര്‍ക്കാന്‍ ഇനി ആവശ്യമായിട്ടുള്ളത് ഏകദേശം രണ്ട് കോടിയോളം രൂപ മാത്രമെന്നാണ് ചില സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുല്‍ഖര്‍ നായകനായ ചിത്രങ്ങളില്‍ കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിട്ടുള്ളത് 2021ല്‍ പുറത്തിറങ്ങിയ കുറുപ്പ് ആണ്. ആഗോളതലത്തില്‍ 83 കോടിയോളം നേടിയ ചിത്രം കേരള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത് 35 കോടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ കേരളത്തില്‍ ദുല്‍ഖറിനെ മറികടക്കാന്‍ ടോം ഹോളണ്ടിന് ഇനി ആവശ്യമായി വരുന്നത് 2 കോടി രൂപ മാത്രമാണ്.

കുറുപ്പ്. Photo: India Today Malayalam

എന്നാല്‍ ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര കേരളത്തില്‍ നിന്ന് 118 കോടി നേടുകയും മലയാളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറുകയും ചെയ്തിരുന്നു. ചിത്രത്തില്‍ ദുല്‍ഖര്‍ കാമിയോ റോളിലെത്തുകയും ചെയ്തിരുന്നു. അതേസമയം ഓഗസ്റ്റ് 20ന് പുറത്തിറങ്ങാനിരിക്കുന്ന ഐ ആം ഗെയ്മിലൂടെ സകല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും വെട്ടിക്കാനുള്ള ഒരുക്കത്തിലാണ് ദുല്‍ഖര്‍.

Content Highlight: Tom Holland’s Spiderman gets 33 crore from Kerala box office near to Dulquer’s Kurupp collection from Kerala

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.