നാനി നായകനാകുന്ന ‘ദസറ’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. എസ്.എസ് രാജമൗലി, ഷാഹിദ് കപൂര്‍, ദുല്‍ഖര്‍ സല്‍മാന്‍, ധനുഷ്, രക്ഷിത് ഷെട്ടി എന്നിവരാണ് സിനിമയുടെ ടീസര്‍ പുറത്തിറക്കിയത്. ഇന്ത്യയിലുടനീളം ആഘോഷിക്കപ്പെടുന്ന ദസറയുടെ പശ്ചാത്തലത്തിലാണ് സിനിമ കഥപറയുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

നാനി നായകനാകുന്ന ചിത്രത്തില്‍ വില്ലനായെത്തുന്നത് ഷൈന്‍ ടോം ചാക്കോയാണ്. കലുഷിതമായ അന്തരീക്ഷത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. തിന്മയുടെ മേല്‍ നന്മ നേടുന്ന വിജയമായിട്ടാണ് ദസറ ആഘോഷങ്ങളെ കണക്കാക്കുന്നത്. അങ്ങനെയൊരു ആശയം തന്നെയാണ് സിനിമയും മുമ്പോട്ട് വെക്കുന്നത്.

അഭിനേതാക്കളുടെ മേക്ക് ഓവര്‍ മുതല്‍ കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യുന്നവരുടെ ലോകം കാണിക്കുന്നതില്‍ വരെ ദസറയുടെ ടീസര്‍ പുതിയ അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ആദ്യ ഫ്രെയിം തന്നെ ധരണി (നാനി) ഒരു കൂറ്റന്‍ രാവണ പ്രതിമയുടെ മുന്നില്‍ നില്‍ക്കുന്നതായാണ് കാണിക്കുന്നത്. തെലങ്കാനയിലെ ഗോദാവരിക്കാനിക്കടുത്ത് സ്ഥിതി ചെയ്യുന്ന വീര്‍ലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതമാണ് ടീസറില്‍ കാണിക്കുന്നത്.

ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന നാനിയുടെ അതിഗംഭീര പ്രകടനം തന്നെയാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. അദ്ദേഹത്തിന്റെ കഥാപാത്ര രൂപീകരണം, സംഭാഷണങ്ങള്‍, പെരുമാറ്റരീതികള്‍, ശരീരഭാഷ എന്നിവ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോയും സായ് കുമാറും നെഗറ്റീവ് ഷേഡുള്ള വേഷങ്ങളിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത്.

ശ്രീകാന്ത് ഒഡേലയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്രീലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകൂരി നിര്‍മിക്കുന്ന സിനിമയില്‍ നാനി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്ക് പുറമെ, ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സറീന വഹാബ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായൊരുക്കിയിരിക്കുന്ന ദസറ മാര്‍ച്ച് 30നാണ് തിയേറ്ററുകളിലെത്തുന്നത്.

 

content highlight: tollywood movie dasara teaser released