പനാജി: സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ഗോവ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇന്ന് ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കാണും. വൈകീട്ട് ആറരയ്ക്കാണ് കൂടിക്കാഴ്ചയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വീണ്ടും ആശുപത്രിയിലായ സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
14 എം.എല്‍.എമാരുടെ കത്ത് തിങ്കളാഴ്ച കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. 18 മാസം പൂര്‍ത്തിയായ എന്‍.ഡി.എ സര്‍ക്കാറിന്റെ ഭരണം പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാണിക്കുന്ന നിവേദനത്തില്‍ നിലവിലുള്ള സര്‍ക്കാരിന് ഭരണം നിര്‍വ്വഹിക്കാന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് അവസരം നല്‍കണമെന്നും പറഞ്ഞിരുന്നു.
സംസ്ഥാനത്തു കോണ്‍ഗ്രസിന് 16 എം.എല്‍.എമാരാണുള്ളത്, ബി.ജെ.പിക്ക് പതിനാലും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ തള്ളി 40 അംഗ സഭയില്‍ 14 അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പി ഭരണം നേടിയത് മറ്റു കക്ഷികളുടേയും മൂന്നു സ്വതന്ത്രരുടെയും പിന്തുണയിലായിരുന്നു.
പാന്‍ക്രിയാറ്റിക് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏഴുമാസത്തിനിടെ മൂന്നു തവണ പരീക്കര്‍ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ ദല്‍ഹി എയിംസിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
