കാന്‍സര്‍, പ്രമേഹ മരുന്നുകളുടെ വില കുറയും; മൂന്ന് ആയുര്‍വേദ എയിംസ് സ്ഥാപിക്കും; ബയോഫാര്‍മ ഹബ്ബ് സൃഷ്ടിക്കും: ധനമന്ത്രി
India
കാന്‍സര്‍, പ്രമേഹ മരുന്നുകളുടെ വില കുറയും; മൂന്ന് ആയുര്‍വേദ എയിംസ് സ്ഥാപിക്കും; ബയോഫാര്‍മ ഹബ്ബ് സൃഷ്ടിക്കും: ധനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st February 2026, 3:28 pm

ന്യൂദല്‍ഹി: ബഡ്ജറ്റില്‍ കേരളത്തിനെ സാരമായി അവഗണിച്ചപ്പോഴും ആരോഗ്യരംഗത്തിനായി നിരവധി പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍.

ആയുര്‍വേദ മരുന്ന് നിര്‍മാണ കേന്ദ്രമാക്കി ഇന്ത്യയെ ഉയര്‍ത്തുമെന്ന് നിര്‍മലാ സീതാരാമന്‍ ബഡ്ജറ്റ് അവതരണത്തില്‍ പറഞ്ഞു.

മൂന്ന് പുതിയ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ സ്ഥാപിക്കും.

ബയോഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാണം, മെഡിക്കല്‍ ടൂറിസം, ആയുര്‍വേദ മരുന്നുകളുടെ നിര്‍മാണം എന്നിവയുടെ കേന്ദ്രമായി ഇന്ത്യയെ ഉയര്‍ത്തും. അടുത്ത അഞ്ച് വര്‍ഷത്തേക്ക് പതിനായിരം കോടി രൂപ ചെലവില്‍ ബയോഫാര്‍മ ശക്തി മിഷന്‍ വരും. ഒരു ബയോഫാര്‍മ ഹബ്ബ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പ്രഖ്യാപിച്ചു.

പ്രമേഹം, കാന്‍സര്‍, ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കും. താങ്ങാവുന്ന വിലയിലുള്ള മരുന്നുകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പ്രഖ്യാപിച്ചു.

ഇതിനായി മൂന്ന് പുതിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫാര്‍മസ്യൂട്ടിക്കള്‍ എഡ്യൂക്കേഷന്‍ ആന്റ് റിസേര്‍ച്ച് (എന്‍.ഐ.പി.ഇ.ആര്‍) സ്ഥാപിക്കും. ഏഴ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ അപ്‌ഗ്രേഡ് ചെയ്യുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

ഇതോടൊപ്പം 1,000 അംഗീകൃത ക്ലിനിക്കല്‍ ട്രയല്‍ സൈറ്റുകളും സ്ഥാപിക്കും.

ആയുഷ് കേന്ദ്രങ്ങള്‍ക്കുള്ള മെഡിക്കല്‍ ഹബ്ബുകള്‍, രോഗനിര്‍ണയത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍, പരിചരണാനന്തര പുനരധിവാസം എന്നിവയും ധനമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ട്.
വയോജനങ്ങള്‍ക്കായി പരിചരണ സംവിധാനം സൃഷ്ടിക്കും.

മെഡിക്കല്‍ ടൂറിസം ഹബ്ബുകള്‍ സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനായി പുതിയ പദ്ധതി ആരംഭിക്കും.

സ്വകാര്യ മേഖലയുമായി സഹകരിച്ച് അഞ്ച് പ്രാദേശിക മെഡിക്കല്‍ ടൂറിസം ഹബ്ബുകള്‍ സൃഷ്ടിക്കുന്നതിന് സംസ്ഥാനങ്ങളെ ഈ പദ്ധതി സഹായിക്കും.

ഈ ഹബ്ബുകളില്‍ ആയുഷ് കേന്ദ്രങ്ങള്‍, മെഡിക്കല്‍ ടൂറിസം കേന്ദ്രങ്ങള്‍, രോഗ നിര്‍ണയ സൗകര്യങ്ങള്‍, പോസ്റ്റ് കെയര്‍, പുനരധിവാസ കേന്ദ്രം എന്നിവയുണ്ടായിരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

Content Highlight: Three Ayurvedic AIIMS will be established; biopharma hub will be created: Finance Minister