afghan

കാബൂള്‍: ഖുര്‍ആന്‍ കത്തിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം യുവതിയെ അടിച്ച് കൊന്ന സംഭവത്തിനെതിരെ അഫ്ഗാനില്‍  പ്രതിഷേധം. അക്രമ സംഭവത്തില്‍ പ്രതിഷേധിച്ചും കുറ്റക്കാരെ ശിക്ഷിക്കണമെന്നാവിശ്യപ്പെട്ടും ആയിരങ്ങള്‍ പങ്കെടുത്ത വന്‍ പ്രതിഷേധ റാലിയാണ് കഴിഞ്ഞ ദിവസം കാബൂളില്‍ നടന്നത്. മുഖത്ത് ചുവപ്പ്  ചായം തേച്ചും ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്.

ഫര്‍ഖുന്ദ എന്ന 27കാരിയെയായിരുന്നു ഖുര്‍ആന്‍ കത്തിച്ചെന്നാരോപിച്ച് കഴിഞ്ഞയാഴ്ച കാബൂളില്‍ ജനക്കൂട്ടം മൃഗീയമായി കൊലപ്പെടുത്തിയിരുന്നത്. കല്ലെറിഞ്ഞും, വടി കൊണ്ടടിച്ചും തീ കൊളുത്തിയുമായിരുന്നു അവരെ ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നത്. ഇതിന് ശേഷം അവരുടെ മൃതദേഹം കാബൂള്‍ നദിയിലേക്ക് വലിച്ചെറിയുകയുമായിരുന്നു.

ഏകദേശം 3000ത്തിലധികം ആളുകളാണ് പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. സംഭവത്തില്‍ 28 പേരെ അറസ്റ്റ് ചെയ്തതായും യുവതിയുടെ കൊലപാതകം നോക്കി നിന്ന 13 പോലീസ് ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതായും അഫ്ഗാന്‍ അഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

യുവതിയുടെ ഘാതകരെ സോഷ്യല്‍ മീഡിയയിലൂടെ പിന്തുണച്ചതിന് ഹഷ്മത് സ്റ്റാനികസയി എന്ന പോലീസ് വക്താവിനെയും സര്‍ക്കാര്‍ പിരിച്ച് വിട്ടിട്ടുണ്ട്.