[] തിരുവനന്തപുരം: ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് കെ.ജി.എസ് ഗ്രൂപ്പ് നടത്തുന്ന നിര്‍മ്മാണ  പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.വിമാനത്താവള നിര്‍മാണത്തോട് സഹകരിക്കുന്നതില്‍ നിയമപരമായ നിരോധനമുണ്ടെന്ന് തിരുവഞ്ചൂര്‍ നിയമസഭയില്‍ പറഞ്ഞു.

ആറന്മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതിക അനുമതി കഴിഞ്ഞ മാസം ദേശീയ ഹരിത ട്രിബ്യൂണല്‍ റദ്ദ് ചെയ്തിരുന്നു.ഇതിനെ തുടര്‍ന്നാണ് പദ്ധതിയുമായി സഹകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.

അതേസമയം തീരപ്രദേശങ്ങളിലെ കടലാക്രമണം സഭ നിര്‍ത്തി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷത്ത് നിന്നും വി എസ് സുനില്‍കുമാറാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ഏപ്രില്‍ മാസം മുതല്‍ തീരദേശങ്ങളില്‍ ശക്തമായ കടലാക്രമണം ഉണ്ടെന്നും ഇത് നേരിടാന്‍ കാര്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലെന്നും സുനില്‍ കുമാര്‍ ആരോപിച്ചു.

തീരദേശ മേഖലയിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.  കടലാക്രമണം കേന്ദ്രം പ്രകൃതി ദുരന്തങ്ങളുടെ പട്ടികയില്‍ പെടുത്താത്തതാണ് സംസ്ഥാനത്തിന് തിരിച്ചടിയാകുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.