Chotta-Shakkeelന്യൂദല്‍ഹി: യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കിയതില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളില്‍ ഒരാളും അധോലോകനായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ സഹായിയുമായ ഛോട്ടാ ഷക്കീല്‍. യാക്കൂബിന്റെ വധശിക്ഷയെ നിയമപരമായ കൊലപാതകം എന്നാണ് ഷക്കീല്‍ വിശേഷിപ്പിച്ചത്. കീഴടങ്ങുന്ന സമയത്ത് യാക്കൂബ്‌മേമന് നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ പാലിക്കാതെ യാക്കൂബിനെ ഇന്ത്യന്‍ സര്‍ക്കാര്‍ ചതിക്കുകയായിരുന്നുവെന്നും ഷക്കീല്‍ കുറ്റപ്പെടുത്തി.

ഇതോടെ ദാവൂദ് ഇബ്രാഹിം ഉള്‍പ്പടെയുള്ളവര്‍ ഇന്ത്യയിലെത്തി കീഴടങ്ങാനുള്ള സാധ്യതയും അവസാനിച്ചതായും ഛോട്ടാ ഷക്കീല്‍ വ്യക്തമാക്കി. ” അന്ന് ദാവൂദ് ഭായി പുറത്ത് വന്നിരുന്നെങ്കില്‍ ഇതേ വിധിതന്നെ അദ്ദേഹത്തിന് ഉണ്ടാവുമായിരുന്നു. അത് ഇപ്പോള്‍ വ്യക്തമായി.” ഷക്കീല്‍ പറയുന്നു. യാക്കൂബ് മേമന്റെ മുതിര്‍ന്ന സഹോദരന്‍ ടൈഗര്‍ മേമനൊപ്പം മുംബൈ സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതില്‍ പങ്കാളിയായിരുന്നു ഛോട്ടാഷക്കീലും. ടൈംസ് ഓഫ് ഇന്ത്യയോടാണ് ഷക്കീല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

” എന്ത് സന്ദേശമാണ് ഈ വധശിക്ഷയിലൂടെ ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയത്? അയാളുടെ സഹോദരന്‍ ചെയ്ത കുറ്റത്തിന് നിരപരാധിയായ ആളെയാണ് നിങ്ങള്‍ ശിക്ഷിച്ചത്. ഡി കമ്പനി ഇതിനെ അപലപിക്കുന്നു. ഇത് നിയമപരമായ കൊലപാതകമാണ്. ഇതില്‍ പ്രത്യാഘാതമുണ്ടാവുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഷക്കീല്‍ പറഞ്ഞു. ഇനിയാരും ഇന്ത്യന്‍ സര്‍ക്കാരിന്റെ “ചോക്കലേറ്റ്” വാങ്ങാനെത്തില്ല. ഇന്ത്യന്‍ ഏജന്‍സികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ഇനിയാരും വിശ്വസിക്കില്ല. ഭാവിയില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ ആരും വിശ്വസിക്കില്ല. ഷക്കീല്‍ കുറ്റപ്പെടുത്തി.