nisam1തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കൊന്ന വിവാദ വ്യവസായി കിങ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമിനെതിരെ കാപ്പാ നിയമം ചുമത്താനാകില്ല. കാപ്പാ നിയമം ചുമത്തണമെങ്കില്‍ കുറ്റപത്രം സമര്‍പ്പിച്ച മൂന്നു കേസുകളില്‍ പ്രതിയാകണം. എന്നാല്‍ നിസാമിനെതിരെ നിലവിലുള്ളത് മൂന്നു കേസുകള്‍ മാത്രമാണ്. ഇതില്‍ ഒരു കേസില്‍ മാത്രമേ കുറ്റപത്രമായിട്ടുള്ളൂ.

നിസാമിനെതിരെ നേരത്തെയുണ്ടായിരുന്ന ക്രിമിനല്‍ കേസുകളില്‍ പലതും ഒത്തുതീര്‍പ്പാക്കപ്പെട്ടതാണ് പോലീസിനു തിരിച്ചടിയായത്. പണവും തന്റെ രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് നിസാം കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

കേസുകള്‍ പിന്‍വലിക്കാനായി നിസാം ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ പോലീസ് അന്ന് എതിര്‍ത്തിരുന്നില്ല.

കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 16 കേസുകളിലാണ് നിസാം പ്രതിയായത്. ഇതില്‍ ഒന്‍പതു കേസുകളില്‍ നിന്നും നിസാം ഒഴിവായിട്ടുണ്ട്.

സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിന്റെ കൊലപാതകമാണ് നിഷാമിന്റെ പേരിലുള്ള ഏറ്റവും ഒടുവിലത്തെ കേസ്. ഈ കേസില്‍ നിസാമിനെ അറസ്റ്റു ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ഒഴിവാക്കുന്നതിനായി കോടികളാണ് നിസാം വാഗ്ദാനം ചെയ്തത്.

അതിനിടെ കേസുമായി ബന്ധപ്പെട്ട് നിസാമിനെ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് ചോദ്യം ചെയ്യും. റോ അധികൃതര്‍ ഇക്കാര്യം സ്‌പെഷല്‍ ബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്.

നിസാമിന്റെ രാജ്യാന്തര ബന്ധങ്ങളാണ് റോ അന്വേഷിക്കുക. ദുബൈ കേന്ദ്രീകരിച്ച് ബിസിനസ് ഉണ്ടെന്നു പറഞ്ഞ നിസാം എന്തു ബിസിനസാണെന്നു പോലീസിനോടു വ്യക്തമാക്കിയിട്ടില്ല.