മൂത്രപ്പുരയും ചെത്തുകാരനും: പോണ്‍സ്റ്റാറിനൊരാമുഖം
DISCOURSE
മൂത്രപ്പുരയും ചെത്തുകാരനും: പോണ്‍സ്റ്റാറിനൊരാമുഖം
ലാസര്‍ ഷൈന്‍
Wednesday, 17th June 2026, 5:06 pm
അങ്ങനെയുള്ള കുറേ പറയാത്ത കഥകളുണ്ട്, ഓരോ തെങ്ങിന്റെ മുകളില്‍ നിന്നും കാണാവുന്നത്. കണ്ടത്. കണ്ടുകൊണ്ടേയിരിക്കുന്നത്. പക്ഷെ, അത് ലോകത്തോടു പറയാന്‍ ചെത്തുകാരന്‍ കുട്ടികളെ തന്നെ ചുമതലപ്പെടുത്തുന്നു. ബഹുമാന്യനായ ആ ചെത്തുകാരന്‍ തന്ന ചുമതലയാണ് ഈ കഥകള്‍ | ലാസർ ഷെെൻ എഴുതുന്നു

നാലിന് താഴെയാണ് ക്ലാസ്. ഏതാണെന്ന് കൃത്യമായി ഓര്‍മയില്ല. സ്‌കൂളിന്റെ തെക്കു പടിഞ്ഞാറു കോണില്‍ പെമ്പിള്ളേര്‍ക്കും ആമ്പിള്ളേര്‍ക്കുമുള്ള മൂത്രപ്പുര. ഓല കെട്ടിമേഞ്ഞത്. അവിടെ നിറയെ കമ്യൂണിസ്റ്റ് പച്ച ഉണ്ടായിരുന്നു. ഒന്നിനെന്നു പറഞ്ഞ് അങ്ങോട്ടോടും. വടക്കു കിഴക്ക് ടീച്ചര്‍മാര്‍ക്കുള്ളത്. ആണ്‍ സാറന്മാര്‍ ആണ്‍കുട്ടികളുടേത് തന്നെയാണ് ഉപയോഗിക്കുന്നത്.

അങ്ങനെയിരിക്കെ, ആണ്‍കുട്ടികളുടെ കൂട്ടം അതീവരഹസ്യ സ്വഭാവമുള്ള ഒരു കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടു. ആശയം ആരുടേതെന്ന് ഓര്‍മയില്ല.

സ്‌കൂള്‍ വിട്ടശേഷം ആണ്‍കുട്ടികളില്‍ ചിലര്‍ കളി തുടരുന്നു എന്ന മട്ടില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ ചുറ്റിത്തിരിഞ്ഞു. അവരുടെയെല്ലാം വീടുകള്‍ സ്‌കൂള്‍ പരിസരങ്ങളില്‍ തന്നെയായതിനാല്‍, പുസ്തകം കൊണ്ടുവെച്ച് തിരികെ ഇതേ മൈതാനത്തു തന്നെ കളിക്കുന്നതിനാല്‍ ആരും ആ കുട്ടികളെ ശ്രദ്ധിച്ചില്ല.

Photo: Gemini

ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പാക്കി, അവരാ കുറ്റകൃത്യത്തിന് ടീച്ചറന്മാരുടെ മൂത്രപ്പുരയില്‍ കയറി.

അതുവരെ കാണാത്ത, ഏതോ രഹസ്യത്തിലേക്ക് എന്നവിധം അവരാ മൂത്രപ്പുരയ്ക്കുള്ളില്‍ ഒച്ചയുണ്ടാക്കാതെ പതുങ്ങിയിരുന്ന് നിരീക്ഷിച്ചു. പ്രധാനമായും ആ മൂത്രപ്പുരയില്‍ ഇരിക്കാനായി ഇഷ്ടികകള്‍ ഇട്ടിരുന്നു. അത് ആണ്‍ മൂത്രപ്പുരയില്‍ ഇല്ലായിരുന്നു.

ആ ഇഷ്ടികയില്‍ കാലുകള്‍ ഉറപ്പിച്ച് കുന്തിച്ചിരുന്ന് കൂടുതല്‍ നിരീക്ഷിച്ചു. അവിടുത്തേത് പഞ്ചാര മണലാണ്. കടല്‍ മണ്ണുപോലുള്ളത്. ആ മണ്‍തിട്ടയില്‍ പലപല കുഴികള്‍. ടീച്ചര്‍മാര്‍ മൂത്രം ഒഴിക്കുമ്പോള്‍ എങ്ങനെ ഈ കുഴികള്‍ ഉണ്ടാകുന്നു എന്നൊന്നും മനസിലായില്ല. മൂത്ര വീഴ്ചയുടെ ശക്തിയില്‍ ആ കുഴിയിലെ മണ്ണിന്റെ നിറം മാറിയിട്ടുണ്ട്. കുഴിയിലേത് പഞ്ചാരക്കളര്‍. ചുറ്റുമുള്ള മണ്ണിരുണ്ടത്.

മറ്റാരും കാണില്ലെന്നുറപ്പാക്കി ചെയ്ത ആ കൃത്യം പക്ഷെ ഒരാള്‍ കാണുന്നുണ്ടായിരുന്നു.

തൊട്ടടുത്ത ദിവസങ്ങളില്‍ എപ്പോഴോ, ഓരോ വീട്ടിലും അടിപൊട്ടി. ടീച്ചര്‍മാരുടെ മൂത്രപ്പുരയില്‍ കുട്ടികള്‍ കയറിയത് ആരോ വീടുകളില്‍ ചെന്നു പറഞ്ഞിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് പിന്നീട് സ്‌കൂളിലേക്ക് കുട്ടികളെ വിട്ടത്.

Photo: ChatGPT

പിന്നെയും കുറേക്കഴിഞ്ഞ്, അയാള്‍ ആരാണെന്നു മനസിലായി. ചെത്തുകാരനായിരുന്നു അത്. പുള്ളി തെങ്ങില്‍ ചെത്തിക്കൊണ്ടിരുന്നപ്പോഴാണ് കുട്ടികള്‍ ടീച്ചര്‍മാരുടെ മൂത്രപ്പുരയില്‍ കയറിയതും നിരീക്ഷിച്ചതും.

അയാള്‍, കുട്ടികളോട് ഒരിക്കല്‍പ്പോലും അതേപ്പറ്റി ചോദിച്ചിട്ടില്ല. അതുപറഞ്ഞ് പേടിപ്പിച്ചിട്ടില്ല. സ്‌കൂളില്‍ ചെന്നു പറഞ്ഞുമില്ല. പക്ഷെ, അയാളെ എപ്പോള്‍ കണ്ടാലും കുട്ടികള്‍ പേടിച്ചു. ആരോടെങ്കിലും പറയുമോ എന്നു പരിഭ്രമിച്ചു.

നാല് കഴിഞ്ഞ് അഞ്ചിലേക്ക് കുട്ടികള്‍ മൂന്നു കിലോമീറ്റര്‍ നടന്നാണ് പോക്കുവരവ്. സൈക്കിള്‍ ചവിട്ടി വരുന്ന ചെത്തുകാരന്‍ കുട്ടികളെ പിന്നില്‍ കയറ്റാറുണ്ട്. അയാളൊന്നും പറയില്ല. ഒച്ചയില്ലാതെ സൈക്കിള്‍ ചവിട്ടും. അങ്ങനെ പോകപ്പോകെ ആളോടുള്ള പേടി കുട്ടികളിലില്ലാതായി.

Photo: Gemini

കുട്ടികള്‍ വളര്‍ന്നു. മുതിര്‍ന്നു. ചെത്തുകാരന്റെ കയ്യില്‍ നിന്ന് കള്ളുവാങ്ങി കുടിച്ചു. ചെത്തുകാരന്‍ കള്ള് കൊടുക്കുന്ന ഷാപ്പില്‍ കൂട്ടുകാരുമായി പോകും.

സ്വന്തം കുട്ടികളല്ലേ, പുള്ളിക്കാരന്‍ നല്ല കള്ള് തന്നെ എടുത്തു തരും. നല്ല മീന്‍ കഷണം തിരഞ്ഞു തരും. കുട്ടികളുടെ പാട്ടിന്റെ കൂടെ വന്നിരിക്കും. വര്‍ത്താനം പറയും. കോളേജില്‍ നിന്നു കൂട്ടുകാര്‍ വരുമ്പോഴും ഷാപ്പില്‍ ചെല്ലും. ബന്ധുക്കള്‍ വരുമ്പോഴും ചെല്ലും. അപ്പോഴെല്ലാം വന്‍ സ്വീകരണം.

അങ്ങനെയിരിക്കെ ഒരു ദിവസം കുട്ടികളില്‍ ഒരാള്‍ ഒറ്റയ്ക്ക് ഷാപ്പില്‍ ചെന്നു. അന്നും അദ്ദേഹം നല്ല കള്ള് എടുത്തു കൊടുത്തു. നല്ല കഷണം മീനും കൊടുത്തു. പക്ഷെ, പിറ്റേന്ന് ചെത്തുകാരന്‍ നേരം ഒഴിഞ്ഞപ്പോള്‍ കുട്ടിയുടെ വീട്ടിലേക്ക് സൈക്കിള്‍ ചവിട്ടി. കുട്ടി ഒറ്റയ്ക്ക് ഷാപ്പില്‍ വന്നു, ശ്രദ്ധിക്കണം എന്നു സൗമ്യമായി പറഞ്ഞു.

ചെത്തുകാരന്‍ മരണമടഞ്ഞു.

അപ്പോഴൊന്നും

ഒരിക്കല്‍പ്പോലും

അയാളതൊന്നും വേറാരോടും പറഞ്ഞില്ല…

അങ്ങനെയുള്ള കുറേ പറയാത്ത കഥകളുണ്ട്, ഓരോ തെങ്ങിന്റെ മുകളില്‍ നിന്നും കാണാവുന്നത്. കണ്ടത്. കണ്ടുകൊണ്ടേയിരിക്കുന്നത്. പക്ഷെ, അത് ലോകത്തോടു പറയാന്‍ ചെത്തുകാരന്‍ കുട്ടികളെ തന്നെ ചുമതലപ്പെടുത്തുന്നു.

ബഹുമാന്യനായ ആ ചെത്തുകാരന്‍ തന്ന ചുമതലയാണ് ഈ കഥകള്‍…

 

Content Highlight: The Urinal and the Excavator: An Introduction to the Porn Star by Lazar Shine

 

ലാസര്‍ ഷൈന്‍
മാധ്യമപ്രവര്‍ത്തകന്‍