സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വാഴ2. ഇന്‍സ്റ്റാഗ്രാം റിലൂകളിലൂടെ ജനപ്രീതി നേടിയ ഹാഷിറിനെയും സംഘത്തെയും അണിനിരത്തി നവാഗതനായ സവിന്‍ എസ്. എ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 2നാണ് തിയേറ്ററുകളിലെത്തുന്നത്. വിപിന്‍ ദാസ് രചിച്ച് ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വാഴ: എ ബയോപിക് ഓഫ് ബില്യണ്‍ ബോയ്സ്.
ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം തിയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സൗഹൃദവും തമാശകളും ഇമോഷനും എല്ലാം കോര്‍ത്തിണക്കിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
വാഴയുടെ ആദ്യ ഭാഗം പോലെ തന്നെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കുട്ടികാലം മുതല്‍ യൗവനം വരെയുള്ള ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. ചിത്രത്തില്‍ റീല്‍സിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അമീനും ടീമുമുണ്ട്. ഇതോടെ ഇന്‍സ്റ്റാഗ്രാം കത്തിച്ച എല്ലാം ടീമും ഒരു കുടക്കീഴില്‍ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്. അമീനും സംഘവും ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെട്ടതോടെ ചിത്രത്തിന് ഇനി മൂന്നാം ഭാഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
സിനിമയില്‍ അല്‍ഫോണ്‍സ് പുത്രന്‍ പ്രധാനേഷത്തിലെത്തുന്നുണ്ടെന്ന് നേരത്തെ പ്രഖ്യാപനം ഉണ്ടായിരുന്നു. ട്രെയ്‌ലറില്‍ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രമായ പ്രേമം സിനിമയുടെ റെഫറന്‍സും വന്നു പോകുന്നുണ്ട്. ‘ആ പ്രേമത്തില്‍ തുടങ്ങിയ കുഴപ്പമാണ് ഇതൊക്കെ’ എന്ന രസകരമായ സംഭാഷണത്തോടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആരംഭിക്കുന്നത്.
ആദ്യഭാഗത്തില്‍ വെറും കുറച്ച് സീനുകളില്‍ മാത്രം വന്നുപോയ ഹാഷിറും ഗ്യാങ്ങും തന്നെയാണ് പടത്തിന്റെ ഹൈലൈറ്റ്. ചിത്രത്തില്‍ ഇവര്‍ക്ക് പുറമെ സുധീഷ്, വിജയ് ബാബു, അജു വര്‍ഗീസ്, ബിജു കുട്ടന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു.