മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പേര് നേര് എന്നാണ്. ശാന്തി മൈദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. സതീഷ് കുറുപ്പാണ് ഡി.ഒ.പി. നീതി തേടുന്നു (seeking justice) എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.

ജയിലറാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ മോഹന്‍ലാലിന്റെ ചിത്രം. പത്ത് മിനിട്ട് മാത്രമുള്ള മോഹന്‍ലാലിന്റെ കാമിയോ അപ്പിയറന്‍സ് സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നുണ്ട്. നെല്‍സണ്‍ ദിലിപ് സംവിധാനം ചെയ്ത രജിനികാന്ത് ചിത്രത്തില്‍ കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാറിന്റെ കാമിയോ റോളും ചര്‍ച്ചയായിരുന്നു. വിനായകനാണ് ചിത്രത്തില്‍ വില്ലനായത്. രമ്യ കൃഷ്ണ, തമന്ന, മിര്‍ണ, ജാക്കി ഷ്‌റോഫ്, യോഗി ബാബു തുടങ്ങിയ വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ എത്തിയത്.

റിലീസ് ചെയ്ത ആദ്യദിനത്തില്‍ തന്നെ 52 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. പല തിയേറ്ററുകളിലും ടിക്കറ്റ് ലഭിക്കാനില്ല. ആദ്യ ദിവസങ്ങളിലെ ഷോകള്‍ ഒട്ടുമിക്കതും ഹൗസ് ഫുള്ളായി. രണ്ടാമത്തെ ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ ഏകദേശം 100 കോടിയോളമാണ് തിയേറ്ററുകളില്‍ നിന്ന് നേടിയത്. 200 കോടി മുതല്‍മുടക്കില്‍ സണ്‍പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധിമാരനാണ് ചിത്രം നിര്‍മിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, ജീത്തു ജോസഫിന്റെ റാം, പൃഥ്വിരാജിന്റെ എമ്പുരാന്‍, മോഹന്‍ലാല്‍ തന്നെ സംവിധായകനാവുന്ന ബാറോസ് എന്നിവയാണ് മോഹന്‍ലാലിന്റെ പുതിയ പ്രൊജക്ടുകള്‍.

View this post on Instagram

A post shared by Mohanlal (@mohanlal)

ഷൂട്ടിങ് പൂര്‍ത്തീകരിച്ച വാലിബന്‍, ബാറോസ് എന്നീ ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. റാമിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. എമ്പുരാന്റെ ഷൂട്ട് ഉടന്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Content Highlight: The title of Mohanlal and Jeethu Joseph’s new film has been announced